ഗൂഗിൾ ആന്റി വഴി തെറ്റിച്ചു : റബ്ബർ എസ്റ്റേറ്റിൽ കുടുങ്ങിയ സോഫ്ട്‌വെയർ എൻജിനീയറെ രക്ഷിച്ചത് ഫയർഫോഴ്‌സ്‌

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. സോഫ്ട്‌വെയർ എൻജിനീയർ സഞ്ചരിച്ചിരുന്ന കാർ ചെങ്കുത്തായ മലഞ്ചരുവിലെ റബ്ബർ എസ്റ്റേറ്റിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. കൊടുമൺ ഐക്കാട് സ്വദേശിയും ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഷൈബിയാണ് ആദിക്കാട്ടുകുളങ്ങര കരിമാൻകാവ് മറ്റപ്പള്ളി റബ്ബർ എസ്റ്റേറ്റിൽ കാറുമായി അപകടാവസ്ഥയിൽ അകപ്പെട്ടത്.

അവധി കഴിഞ്ഞ് നാളെ ബാംഗ്ലൂരിലേക്ക് പോകുവാൻ ഇരിക്കെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോട് കൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു ഷൈബി. കുടശനാട് വന്നപ്പോൾ വഴിതെറ്റി ആദികാട്ടുകുളങ്ങര യിൽ നിന്നും കരിമാൻകാവ് അമ്പലത്തിന് സമീപത്ത് കൂടി മറ്റപള്ളി മലയിൽ റബ്ബർ എസ്റ്റേറ്റിലേക്കുള്ള് വഴിയിലേക്ക് പോയി. വഴിതെറ്റിയെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് വാഹനം തിരിക്കുവാൻ മുന്നോട്ടു പോവുകയും തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു. വാഹനം തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിൽ ഇദ്ദേഹം ഇന്റർനെറ്റ് വഴി ഏറ്റവും അടുത്തുള്ള ഫയർ സ്റ്റേഷൻ നമ്പർ എടുത്തു അടൂർ അഗ്‌നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു.

അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ സജാദ്, ഓഫീസർമാരായ സാനിഷ്, ദീപേഷ്, ഹോം ഗാർഡ് പി എസ് രാജൻ എന്നിവർ ഫയർഫോഴ്‌സിന്റെ ഓഫ് റോഡ് വാഹനവുമായി സ്ഥലത്തെത്തി വളരെ സാഹസികമായി റോപ്പ് ഉപയോഗിച്ച് കാർ റിവേഴ്‌സിൽ സുഗമമായ സ്ഥലത്ത് എത്തിച്ചു.

ഈ സ്ഥലത്ത് മുൻപും ഇങ്ങനെ വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ട്. കാണുന്ന വഴിതിരിച്ചു വിടാറുണ്ട് എന്നും നാട്ടുകാർ പറഞ്ഞു. മുൻപ് ഈ സ്ഥലത്ത് മൂന്നു വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. വിജനമായ സ്ഥലത്തേക്ക് കാർ കയറിപ്പോയതിനാൽ അന്വേഷിച്ചു പോവുകയായിരുന്നു നാട്ടുകാർ. നാട്ടുകാരിൽ തന്നെ ചിലരാണ് ലൊക്കേഷൻ ഫയർഫോഴ്‌സിനെ വ്യക്തമായി അറിയിച്ചത്. വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് ഷൈബി പറഞ്ഞു.

ഗൂഗിൾ മാപ്പ് വഴി സഞ്ചരിക്കുമ്പോൾ വിജനമായ സ്ഥലത്ത് കൂടി ആണ് പോകുന്നതെങ്കിൽ ഇത് ശരിയായ വഴിയാണോ എന്ന് മറ്റു മാർഗങ്ങളിൽ കൂടി അന്വേഷിച്ചു പോകുന്നത് ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആകുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *