ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ആലുവ സർവ മത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിട്ട് കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിൽ പങ്കെടുക്കാനും ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് മാർപ്പാപ്പയെ കാണാനും സംസാരിക്കാനും എനിക്ക് സാധിച്ചു. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിജിയുടെ ക്ഷണ പ്രകാരമാണ് വത്തിക്കാനിൽ പോയത്. മെച്ചപ്പെട്ട മാനവികതയക്കായി മതങ്ങളുടെ ഒരുമിക്കൽ എന്നതായിരുന്നു സമ്മേളന വിഷയം.
കനത്ത സുരക്ഷയുടെ നടുവിൽ മാർപ്പാപ്പയെ കാണാനായി ക്ലെമൻ്റൈൻ ഹാളിൽ പ്രവേശിക്കുമ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഞങ്ങളുടെ കൈയിലുള്ള എല്ലാ സാധനങ്ങളും അദ്ദേഹത്തിന് കൊടുക്കുവാനുള്ള സമ്മാനങ്ങളും അകത്ത് കൊണ്ടു പോകുവാൻ അനുവദിച്ചില്ല. മാർപാപ്പയുടെ അടുത്തേക്ക് ചെല്ലുവാനും സമ്മാനങ്ങൾ നല്കുവാൻ സാധിക്കത്തില്ലായെന്ന ചിന്ത വേദന ഉളവാക്കി. എന്നാൽ ദൈവദൂതനെ പോലെ എത്തിയ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സഹായത്താൽ എല്ലാ സുരക്ഷ മാനദണ്ഡങ്ങളെയും മറികടന്ന് സമ്മാനങ്ങളുമായി അകത്ത് ഹാളിനുള്ളിൽ പ്രവേശിക്കാമെന്ന് അറിയിച്ചു.
ശിവഗിരി പ്രതിനിധികൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർക്കൊപ്പം ഹാളിൽ പാപ്പയെ കാണാനായി കാത്തിരിക്കുകയാണ്. മാർപാപ്പ വരുമ്പോൾ അടുത്ത് ചെന്ന് ദേഹത്തു തൊടുകയോ ഉമ്മ വെക്കുകയോ ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശവും നല്കി. മാർപാപ്പ ഹാളിലേക്ക് പ്രവേശിക്കുന്നതിന്റെ അറിയിപ്പ് വന്നു. എങ്ങും കനത്ത നിശബ്ദത. അധികം താമസിക്കാതെ ഹാളിൽ പുഞ്ചിരിയോടെ അദ്ദേഹം ആംഗരക്ഷകരുടെ അകമ്പടിയോടെ ആഗതനായി. ഇരിപ്പിടത്തിൽ നിന്നും എല്ലാവരും എഴുന്നേറ്റ് നിന്ന് മാർപാപ്പയെ സ്വീകരിച്ചു. തുടർന്ന് സർവ്വമത സമ്മേളനത്തിൽ റെസ്പെറ്റഡ് സ്വാമീസ് ഓഫ് ശിവഗിരിമഠം ആൻഡ് ഫോളോവേഴ്സ് ഓഫ് ശ്രീനാരായണ ഗുരു, ഡിയർ ഫ്രണ്ട്സ് എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
വിവിധ മതങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള വിശാല മനസ്സ് പ്രകടമാക്കുന്നതായിരുന്നു പ്രഭാഷണം. സംപൂജ്യരായ സ്വാമിമാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രഭാഷണത്തിൽ എടുത്തു പറഞ്ഞത് അബുദാബിയിലെയും ജക്കാർത്തയിലെയും ഗ്രാൻഡ് ഇമാമാരോടൊപ്പം മാർപാപ്പ ലോക സമാധാനത്തിനായി ഒപ്പുവെച്ച കൂട്ടായ്മ രേഖകളെ കുറിച്ചാണ്.
സമ്മേളന പ്രതിനിധികൾക്ക് ഒരോരുത്തരായി അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പരിചയപ്പെടാനും സമ്മാനങ്ങൾ നല്കുവാനുമുള്ള സമയമായി. എന്റെ ഊഴമെത്തി. ആഗോള കത്തോലിക്കാ സഭയുടെ തലവൻ മാത്രമല്ല ഒരു രാജ്യത്തിന്റെ പരമാധികാരി കൂടിയായ മാർപാപ്പയുടെ അടുത്തേക്കാണ് തനിയെ നടന്നു ചെല്ലുന്നത്. എങ്ങും കനത്ത നിശബ്ദത മാത്രമല്ല എല്ലാ കണ്ണുകളും എന്നിലേക്കാണ്. അടുത്ത് ചെല്ലുന്തോറും നാലു വശങ്ങളിൽ നിന്നും ക്യാമറ ക്ലിക്കുകളുടെ ശബ്ദം കേൾക്കാം. ചങ്കിടുപ്പ് കൂടിക്കൂടി വരുന്നതായി എനിക്ക് തോന്നി. ‘ഹൗ ഓൾഡ് ആർ യൂ’ എന്ന സിനിമയിലെ നായിക ഇന്ത്യൻ രാഷ്ട്രപതിയെ കാണുമ്പോൾ മയങ്ങി വീഴുന്ന ദൃശ്യവും എന്റെ മനസ്സിൽ മിന്നിമറഞ്ഞു. വളരെ പ്രസന്ന ഭാവത്തോടെ അദ്ദേഹം എന്നെ നോക്കിയത്. പാപ്പയുടെ അടുത്തത്തെത്തി ആശംസകൾ അറിയിച്ചപ്പോൾ അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. പ്രോട്ടോക്കോൾ എല്ലാം ലംഘിച്ചാണ് അദ്ദേഹം എന്റെ കരം പിടിച്ചത്. തൊടരുതെന്ന നിർദ്ദേശം ഞാൻ ലംഘിച്ചില്ല. പാപ്പായാണ് എന്റെ കൈകളിൽ പിടിച്ചത്. മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ എഴുതിയ ‘ചർച്ച് ആന്റ് ദി ന്യൂ നോർമ്മൽ’ എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു. പുസ്‌തകത്തിൽ ഒപ്പിടണോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഞങ്ങളുടെ മെത്രാപ്പോലീത്താ തിരുമേനി മാർപാപ്പയ്ക്ക് നല്കുവാൻ തന്ന സമ്മാനമാണെന്ന് ഞാൻ മറുപടി നൽകി. പുസ്‌തകത്തിന്റെ അവസാന താളിലെ മെത്രാപ്പോലീത്തയുടെ പടം അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം പുസ്തകം മറിച്ചു നോക്കി. മർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന് അദ്ദേഹം ആശംസകളും നേർന്നു.
പാപ്പായോടൊപ്പം ഉള്ള ഫോട്ടോ സെഷനുള്ള അവസരമായി. അദ്ദേഹത്തിനായുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നതിന് മുമ്പ് എല്ലാവരെയും ഒന്ന് തിരിഞ്ഞു നിന്നു. പുഞ്ചിരിയോടെ എല്ലാവരെയും നോക്കി ഉറക്കെ ചിരിക്കാൻ പറഞ്ഞു. നല്ല ചിരി ഫോട്ടോയിൽ പതിയണം. എല്ലാവരും മുഖത്തു ചിരി വിടർന്നു.
ഇന്ത്യയിൽ നിന്നെത്തിയ സന്ന്യസ്ഥരോടും ഞങ്ങളോടും പ്രത്യേക സ്നേഹവും മാനവികമായ കാഴ്ചപാടും ഉള്ളതുകൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും മൂന്നു മണിക്കുറോളം ഞങ്ങൾക്കൊപ്പം ചിലവഴിച്ചു. എല്ലാവരുടെയും ഹൃദയം കവർന്നു കൊണ്ടാണ് പാപ്പാ അന്ന് കൈ വീശി പോയത്. ഭാരത സന്ദർശനം മാർപാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. അത് നടക്കാത്തത് മൂലം അനേകം സാധാരണക്കാരായ ആളുകൾക്ക് അദ്ദേഹത്തെ നേരിൽ കാണുന്നതിനുള്ള സുവർണ്ണ അവസരമാണ് നഷ്ടമായത്.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള വിശുദ്ധനായ സഭ പിതാവ് യാത്രയായി. ഓർമ്മകൾക്ക് കനം കൂടുന്നു. കണ്ണുനീർ പൊടിയുന്നു.
പ്രണാമം പ്രിയ പാപ്പാ.. !!
ലേഖകൻ
അഡ്വ. ആൻസിൽ കോമാട്ട്
(അൽമായ ട്രസ്റ്റി)
മാർത്തോമ്മാ സഭാ

ഫോട്ടോ: മലങ്കര മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ എഴുതിയ ‘ചർച്ച് ആന്റ് ദി ന്യൂ നോർമ്മൽ’ എന്ന പുസ്തകം കൈമാറുന്നു.


