മലയാലപ്പുഴ: കരഞ്ഞു തളർന്ന കണ്ണുകളോടെ നവീൻ ബാബുവിന് വിട നൽകി കുടുംബവും നാടും. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീർ തളംകെട്ടിനിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീർപ്പോടെ കണ്ടുനിന്നു. നവീനെ സ്വീകരിക്കാൻ പത്തനംതിട്ടയിലെ സഹപ്രവർത്തകർ വാങ്ങിയ മാലയും ബൊക്കയുമെല്ലാം മൃതദേഹത്തിനൊപ്പം മണ്ണിലമർന്നു.
മക്കളും സഹോദരൻ അരുൺ ബാബു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നൽകിയപ്പോൾ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീർ കാഴ്ച്ചയായി.

രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിൽകൊണ്ടുവന്നത്. രാവിലെ മുതൽ കളക്ടറേറ്റിൽ പൊതുദർശനം ഏർപ്പെടുത്തിയിരുന്നു. കളക്ടറേറ്റിൽ നടന്ന പൊതുദർശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യർ ഉൾപ്പെടെയുള്ളവർ, സഹപ്രവർത്തകനായിരുന്ന നവീന് കണ്ണീരോടെ വിട നൽകി. രാവിലെ മുതൽ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരിൽനിന്ന് മൃതദേഹം ആംബുലൻസിൽ പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ, സി.പി.എം. കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, നവീന്റെ സഹോദരൻ അഡ്വ. കെ. പ്രവീൺ ബാബു, ബന്ധുക്കൾ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

