പെരുനാട്ടിലെ കടുവാപ്പെട്ടിയിൽ ആദ്യം പട്ടി ; ഇപ്പം മുള്ളൻപന്നി !!

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ മുള്ളൻ പന്നി കുടുങ്ങി. പെരുനാട് ബഥനി മലയിൽ റബർ തോട്ടങ്ങളിൽ തുടർച്ചയായി വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്ന കടുവയെ കുടുക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുള്ളൻ പന്നി കുടുങ്ങിയത്.

കൂട്ടിൽ കടുവ കുടുങ്ങിയെന്ന് വാർത്ത പരന്നതോടെ നിരവധി പേർ പ്രദേശത്തേക്ക് ഒഴുകിയെത്തി കൂട്ടിൽ കുടുങ്ങിയത് മുള്ളൻപന്നിയാണെന്ന് മനസിലായതോടെ നിരാശയോടെ സ്ഥലം വിട്ടു. കൗതുകം കൊണ്ട് പലരും കൂടിനരികിലെത്തി ചിത്രങ്ങളെടുത്തു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് മാമ്പറത്ത് എബ്രഹാമിന്റെ രണ്ടു ആടുകളെ കടുവ കൊന്നിരുന്നു. ഇതിനു സമീപമാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. നേരത്തെ ഇതേ കൂട്ടിൽ മറ്റൊരു സ്ഥലത്തു വച്ച് തെരുവുനായ അകപ്പെട്ടിരുന്നു. മുള്ളൻ പന്നി അകപ്പെട്ട വിവരം അറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടു തുറന്നു വിട്ടു. തുടരെയുള്ള ആക്രമണങ്ങൾ വർധിച്ചു മാസങ്ങൾ പിന്നിട്ടിട്ടും കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ നൽകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.

കടുവ മറ്റു പല സ്ഥലങ്ങളിലും എത്തി വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൂട്ടിൽ മാംസ അവശിഷ്ടങ്ങളോ ഇരകളോ ഇടുന്നുണ്ടായില്ല എന്നും ആരോപണം ഉണ്ട്. മുമ്പ് ഇരയാക്കിയ ആടുകളെ തന്നെയാണ് കൂട്ടിൽ കടുവയെ ആകർഷിക്കാൻ സ്ഥാപിച്ചിരുന്നത്. ഇതിന്റെ എല്ല് മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. എന്നാൽ അടുത്ത ദിവസങ്ങളിൽ കൂട്ടിൽ ജീവനുള്ള ഇരയെ എത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *