വാറണ്ട് കേസിൽ പിടിയിലായി കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിൽ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു.

Pathanamthitta

പത്തനംതിട്ട – വാറണ്ട് കേസില്‍ പിടിയിലായി കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്റെ ഭാര്യ സൂസമ്മ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പോലീസ് സ്‌റ്റേഷനില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്‌റ്റേഷന് മുന്‍വശമുള്ള കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സൂസമ്മയെ പോലീസ് ജീപ്പില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ശേഷം മരണപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12 ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരേ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് സൂസമ്മ കാണാനെത്തിയത്. മകനെ കണ്ടിറങ്ങിയതോടെ പ്രയാസം അനുഭവപ്പെട്ട് സമീപത്തെ കല്‍ക്കെട്ടില്‍ ഇരിക്കുകയായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *