കൊല്ലം : നിസ്സാര തർക്കത്തിന്റെ പേരിൽ നിർധനനായ ടാക്സി ഡ്രൈവർക്ക് നേരെ ബോക്സിങ് പരിശീലകന്റെ മൃഗീയ ആക്രമണം. തിരുവനന്തപുരം എയർപോർട്ടിന് സമീപം ടാക്സി ഓടിക്കുന്ന കൊട്ടിയം നോർത്ത് മൈലക്കാട് സ്വദേശി അനിൽ മാനുവലിനാണ് (50) ക്രൂരമായി മർദ്ദനമേറ്റത്. ആക്രമണത്തിൽ അനിലിന്റെ മുഖത്തെ എല്ലുകൾ തകരുകയും കണ്ണുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ബോക്സിങ് പരിശീലകനെ സംരക്ഷിക്കാൻ കൊട്ടിയം പോലീസ് ശ്രമിക്കുന്നതായി പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച മൈലക്കാട് ഇറക്കത്തിലുണ്ടായ ഗതാഗതക്കുരുക്കിനിടെ അനിലിന്റെ ടാക്സി കാർ ബോക്സിങ് പരിശീലകന്റെ ഇരുചക്രവാഹനത്തിൽ ചെറുതായി തട്ടിയതാണ് അക്രമത്തിന് കാരണം. അപകടത്തിൽ ആർക്കും പരിക്കുകളോ കേടുപാടുകളോ സംഭവിച്ചിരുന്നില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ അനിൽ ഡ്രൈവറോട് മാപ്പുപറഞ്ഞെങ്കിലും, “ഞാൻ ആരാണെന്ന് അറിയാമോ, ഞാൻ ബോക്സർ ആണ്” എന്ന് ആക്രോശിച്ച് പ്രതി കാറിന്റെ ഡോർ തുറന്ന് അനിലിന്റെ മുഖത്തേക്ക് ക്രൂരമായി ഇടിക്കുകയായിരുന്നു.
മൂക്കിൽ നിന്നും വായയിൽ നിന്നും രക്തമൊഴുകിയ നിലയിൽ നാട്ടുകാരാണ് അനിലിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ മുഖത്തെ വിവിധ എല്ലുകൾക്ക് പൊട്ടലും സ്ഥാനചലനവും സംഭവിച്ചതായി കണ്ടെത്തി. പരിക്കുകൾ സങ്കീർണ്ണമായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഇദ്ദേഹത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, ഇത്രയും ഗുരുതരമായ ആക്രമണം നടന്നിട്ടും പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസ് ഒതുക്കിതീർക്കാനാണ് കൊട്ടിയം പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. അനിലിന്റെ മകളുടെ മൊഴിയും മെഡിക്കൽ സ്കാനിങ് റിപ്പോർട്ടുകളും കൈമാറിയിട്ടും പോലീസ് വീഴ്ച വരുത്തിയതിനെ തുടർന്ന് കുടുംബം കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
തവണ വ്യവസ്ഥയിൽ എടുത്ത കാറുമായി ടാക്സി ഓടി കുടുംബം പുലർത്തുന്ന ഏക അപ്പകഷണമാണ് ഈ അക്രമത്തിലൂടെ ഇല്ലാതായത്. മനുഷ്യത്വരഹിതമായി പെരുമാറിയ ബോക്സിങ് പരിശീലകനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഉടനടി അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവശ്യം.
What do you feel about this post?
Like
Love
Happy
Haha
Sad

