വധശ്രമക്കേസിൽ മക്കൾ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ തണ്ണിത്തോട്ടിലെ മത്തായിയുടെ ആത്മഹത്യ : സിപിഎം നേതൃത്വം പ്രതിക്കൂട്ടിൽ

Crime Pathanamthitta

പത്തനംതിട്ട: ലോക്കൽ സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങി ക്വട്ടേഷൻ ആക്രമണത്തിന് പോയ യുവാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പിതാവ് തൂങ്ങി മരിച്ച സംഭവം പത്തനംതിട്ടയിലെ സിപിഎമ്മിൽ വിവാദത്തിന് തിരി കൊളുത്തുന്നു. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തൻ വീട്ടിൽ വൈ.മത്തായിയെ (ലെസ്‌ലി 54) ആണ് വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തണ്ണിത്തോട് പോലീസും സിപിഎമ്മിന്റെ ഒരു നേതാവും ചേർന്ന് തിരക്കിട്ട് മൃതദേഹം അഴിച്ച് മോർച്ചറിയിലേക്ക് മാറ്റിയെന്നും ആത്മഹത്യാക്കുറിപ്പ് മാറ്റിയതായും ആരോപണം.

പാർട്ടിയിലെ തർക്കങ്ങൾ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസിൽ മത്തായിയുടെ മക്കളായ ലിബിൻ കെ. മത്തായി(29), എബിൻ കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വർഷം കഠിന തടവിനും 45000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു(50)വാണ് ഈ കേസിൽ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണിറ പറങ്ങിമാവിള വീട്ടിൽ സഞ്ചു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തിൽ വച്ച് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. തോളിലും ഗുരുതരമായ പരിക്കുപറ്റി, വഴിയാത്രക്കാർ ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. ലിവർ സ്പാനർ, ഇരുമ്പുകമ്പി, തടികഷണം എന്നീ മാരകായുധങ്ങൾ കൊണ്ട് തലയ്ക്കടിച്ച് തലയോട്ടിക്ക് ഗുരുതര പരിക്കുകൾ ഏൽപ്പിച്ചു.

പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അന്നത്തെ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നിർദേശപ്രകാരമായിരുന്നു സഞ്ചുവിനെ ആക്രമിച്ചത്. സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ വച്ച് സഞ്ചുവും ബിനോയിയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ക്വട്ടേഷൻ ആക്രമണത്തിലേക്ക് ചെന്നത്. ഇയാളെ അടിക്കുമെന്ന് അന്നത്തെ ലോക്കൽ സെക്രട്ടറി പരസ്യമായി പറഞ്ഞിരുന്നവത്രേ. കോന്നി ഏരിയാ സെക്രട്ടറി അടക്കം ഇതിനെ എതിർത്തുവെങ്കിലും ലോക്കൽ സെക്രട്ടറി തന്റെ അജണ്ട നടപ്പാക്കുകയായിരുന്നു. ഇതിനോടകം സിപിഐയിൽ ചേർന്ന സഞ്ചുവിനെ മർദിക്കാൻ പാർട്ടി അംഗങ്ങളായ മൂന്നു പേരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നു വരുന്ന കേസിൽ നിന്ന് അടക്കം രക്ഷിക്കാമെന്ന് ലോക്കൽ സെക്രട്ടറി ഉറപ്പു കൊടുത്തിരുന്നുവത്രേ. സഞ്ചുവിനെ ആക്രമിച്ച് മൃതപ്രായനാക്കിയതോടെ പോലീസ് പിടിയിലായ മൂന്നു പേരും 75 ദിവസം റിമാൻഡിൽ കഴിഞ്ഞു.

പിന്നീട് ലോക്കൽ സെക്രട്ടറി വാഗ്ദാനം ചെയ്തതു പോലെയുളള ഒരു സഹായവും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പറയുന്നു. പ്രതികൾ തന്നെ കേസ് നടത്തേണ്ടി വന്നു. മത്തായിയുടെ കുടുംബാംഗങ്ങൾ എല്ലാം തന്നെ സിപിഎം അംഗങ്ങളാണ്. പാർട്ടിയുടെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാതെ വന്നതോടെ ഇവർ നിരാശയിലായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന സിപിഎം മൂഴി ബ്രാഞ്ച് കമ്മറ്റി യോഗത്തിൽ മത്തായി പൊട്ടിത്തെറിച്ചു. തന്റെ മക്കളെ കോടതി ശിക്ഷിച്ചാൽ ജീവനൊടുക്കുമെന്ന് പരസ്യമായി മത്തായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള വിധി വന്നത്. മക്കൾ ജയിലിൽ ആയതിന്റെ മാനസിക വിഷമത്തിലായിരുന്ന മത്തായി ഇന്നലെ തൂങ്ങി മരിക്കുകയായിരുന്നു.

ചില പാർട്ടി നേതാക്കളുടെ പേരെഴുതി വച്ച ശേഷമാണ് മത്തായി ജീവനൊടുക്കിയതെന്നാണ് പറയുന്നത്. ആത്മഹത്യാക്കുറിപ്പ് മാറ്റിയെന്നുള്ള ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നു. പോലീസ് ഇതിന് കൂട്ടു നിന്നുവെന്നാണ് ആക്ഷേപം. യുവാക്കളെ ക്വട്ടേഷൻ ആക്രമണത്തിന് പറഞ്ഞു വിടുകയും കേസിൽ പ്രതിയാവുകയും ചെയ്തപ്പോൾ പാർട്ടി കൈയൊഴിഞ്ഞതിൽ തണ്ണിത്തോട്ടിലെ പ്രവർത്തകർക്കിടയിൽ അമർഷം വ്യാപിക്കുകയാണ്. ഇതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചുവെന്നും സൂചനയുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *