ഹമാസ് അനുകൂല പ്രചാരണം ; യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിലായി.

World
Print Friendly, PDF & Email

വാഷിംഗ്‌ടൺ: ഹമാസ് അനുകൂല പ്രചാരണം നടത്തിയതിനു യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. യുഎസിലെ ജോർജ്ജ്‌ടൗൺ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രി വിർജീനിയയിലെ വീട്ടിൽ നിന്ന് ബാദറിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവർ ബാദറിന്റ വിസ യുഎസ് സർക്കാർ റദ്ദാക്കിയതായും അറിയിച്ചു. ബാദറിന് തീവ്രവാദികളുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.

ഹമാസിന്റെ മുതിർന്ന ഉപദേശകനുമായും സൂരിക്ക് അടുത്ത ബന്ധമുണ്ട് എന്നും പറയപ്പെടുന്നു. സൂരിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ നിന്നായതിനാൽ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുകൊണ്ട് 2025 മാർച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം പുറപ്പെടുവിച്ചു’- ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫ്ലിൻ സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

യുഎസിലെ കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാർത്ഥികളുടെ മേൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികളാണ് അന്വേഷണ പരിധിയിൽ ഉള്ളതെന്നും പലരും സ്വയം യുഎസ് വിടുകയോ, അറസ്റ്റിലാകുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *