പത്തനംതിട്ട – 2024 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി 2025 മാർച്ച് 30 ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ അവസാന ആഴ്ച്ചകളിലേക്ക് കടക്കുകയാണ്. 2025 മാർച്ച് 30 ന് അന്താരാഷ്‌ട്ര സീറോ വേസ്റ്റ് ദിനത്തിൽ സംസ്ഥാനം മാലിന്യ മുക്ത നവകേരളമായി ആയി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ മുക്ത പത്തനംതിട്ട സാധ്യമാക്കുകയെന്ന ലക്ഷ്യത്തിനായുളള പ്രവർത്തനങ്ങളിലാണ് നാം എല്ലാവരും. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിപുലമായി ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. സുസ്ഥിരമായ ശുചിത്വ പരിപാലനം ലക്ഷ്യം വച്ചുകൊണ്ട് വരും ദിവസങ്ങളിൽ മാലിന്യ മുക്തമായ നവകേരള സൃഷ്ടിയിലേക്കുളള പ്രയാണം ഊർജിതപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്തിൽ പത്തനംതിട്ട ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കേരള മിഷൻ, കെഎസ്ഡബ്ല്യുഎംപി (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്), സികെസിഎൽ (ക്ലീൻ കേരള കമ്പനി ലിമിറ്റഡ്) എന്നിവയാണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്ത് ജില്ലയിൽ നടപ്പിക്കൊണ്ടിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്തിൽ വിടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പിങ്ക് സ്ക്വാഡ് ഡോർ ടു ഡോർ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഇന്ന് റാന്നിയിൽ ജില്ലാതല ഉദ്ഘാടനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞു. ഇന്നും നാളെയുമായാണ് (മാർച്ച് 12,13 തീയതികളിൽ) ജില്ലയിലെ പിങ്ക് സ്ക്വാഡ് ക്യാമ്പയിൻ പ്രവർത്തനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ പ്രാധ്യാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് പോക്കറ്റ് കാർഡുകൾ പിങ്ക് സ്ക്വാഡ് അംഗങ്ങൾ വിതരണം ചെയ്യും.
ഇതൊടൊപ്പം മാലിന്യം വലിച്ചെറിയാതിരിക്കൽ, തരം തിരിച്ച് മാലിന്യവും പാഴ്വസ്തുക്കളും ഹരിത കർമ്മസേനയെ ഏൽപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും പിങ്ക് സ്ക്വാഡ് ക്യാമ്പയിന്റെ ഭാഗമായി പ്രദർശിപ്പിക്കും.

പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ എഡിഎസ് അംഗങ്ങൾ, വാർഡിലെ സിഡിഎസ് അംഗം, വാർഡ് സഭ/ഗ്രാമസഭ കോ ഓർഡിനേറ്റർമാരായ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ശുചിത്വ സന്ദേശവുമായി ഗൃഹ സന്ദർശനത്തിനിറങ്ങുന്നത്. സ്ക്വാഡിലെ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കും. ഇതോടൊപ്പം ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും മാർച്ച് 12-13 തീയതികളിൽ ശുചിത്വ വാർഡ് സഭകൾ സംഘടിപ്പിക്കും. ഇത്തരം സഭകളിൽ ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഭാഗവാക്കകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. ഇത്തരം ശുചിത്വ സഭകളിൽ മാലിന്യവും പാഴ്വസ്തുക്കളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ജനകീയ പ്രമേയങ്ങൾ അവതരിപ്പിക്കും.
ഇതോടൊപ്പം ചടങ്ങുകളിലും ആഘോഷങ്ങളിലും ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കൻ (എസ്‍യുപി) തുടങ്ങിയവയിലും ശുചിത്വ സഭകളിൽ ചർച്ചകൾ സംഘടിപ്പിക്കും. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിങ്ക് സ്ക്വാഡ് അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ആദരിക്കും. മാർച്ച് 15 മുതൽ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്തിൽ വിപുലമായ മാസ് ക്ലീനിംഗ് ഡ്രൈവുകൾ സംഘടിപ്പിക്കും. ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ മിനി എംസിഎഫുകളിൽ നിന്നും എംസിഎഫുകളിൽ നിന്നും ഉളള മാലിന്യ നിക്കം വരും ദിവസങ്ങളിൽ തൊരുതപ്പെടുത്തും.
2025 മാർച്ച് 17 മുതൽ ജില്ലയിൽ ഉടനീളം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. മാർച്ച് 24 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ക്ലീനിംഗ് ഡ്രൈവും സെഗ്രിഗേഷൻ പ്രാക്ടീസ് ഡെമോകളും നടത്തും. ഇതോടൊപ്പം ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ശുചിത്വ സന്ദേശ പ്രവർത്തനങ്ങൾ നടത്താനും ജില്ല തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നൈറ്റ് വാക്ക് ഉൾപ്പെടെയുളള പ്രവർത്തനങ്ങളിലുടെ മാലിന്യ സംസ്കരണവുമായും ശുചിത്വവുമായും ബന്ധപ്പെട്ട സന്ദേശങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഉളള പരിപാടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ മിഷനും ഹരിത കേരള മിഷനും സികെസിഎല്ലും കെഎസ്ഡബ്ല്യുഎംപിയും ചേർന്ന് നടത്തിവരുന്നത്.
2025 മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തോടെ ജില്ലയിലെ മുഴുവൻ അയൽകൂട്ടങ്ങളും ഹരിത പ്രഖ്യാപനം നടത്തി ഹരിത അയൽകൂട്ടങ്ങളായി മാറി. ഇതോടൊപ്പം ഹരിത ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയ പ്രഖ്യാപനങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത മാർക്കറ്റ് പ്രഖ്യാപനങ്ങളും നൂറ് ശതമാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

കേരളം ഒന്നിച്ച് ഒന്നായി മുന്നേറിയ ദിവസങ്ങൾ
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള 180 ദിവസത്തെ ജനകീയ ക്യാമ്പയിനിലൂടെ മാലിന്യത്തിന്റെ പരമാവധി അളവ് കുറക്കുക, ഉണ്ടാകുന്ന ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ വളമോ, ബയോ ഗ്യാസോ ആക്കി മാറ്റുക, അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു തരം തിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറുക, പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം, ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് നാം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ -വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെ മുന്നണി പോരാളികളായി അണിനിരത്തിയാണ് ക്യാമ്പയിൻ മുന്നേറുന്നത്. മലിനീകരിക്കപ്പെട്ട നീർച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമാക്കുകയും നമ്മുടെ ക്യാമ്പയിന്റെ വലിയ ലക്ഷ്യങ്ങളിൽ പ്രാധാന്യമുളളതാണ്.
തുടക്കം ചെന്നീർക്കരയിൽ നിന്ന്…
2024 ഒക്ടോബർ രണ്ടിന് ചെന്നീർക്കര സർക്കാർ ഐടിഐയിൽ ഗോവർദ്ധൻ മലിനീകരണ സംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനവും വമ്പിച്ച പൊതുയോഗവും നടത്തിക്കൊണ്ടാണ് പത്തനംതിട്ട ജില്ലയിൽ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജാണ് ജില്ലയിലെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി വൻ ജന പങ്കാളിത്തത്തോടെ ശുചിത്വ സന്ദേശ റാലിയും ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്തിൽ നടന്നിരുന്നു.
ക്യാമ്പയിന്റെ ഭാഗമായി നാം ഒന്നായി ചേർന്ന് സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭ വൻ വിജയമായിരുന്നു. നമ്മുടെ കുട്ടികളിൽ ശുചിത്വ- മാലിന്യ സംസ്കരണ ശീലം വളർത്താൻ കുട്ടികളുടെ ഹരിതസഭ കൊണ്ട് നമ്മുക്ക് സാധ്യമായി. വിദ്യാർത്ഥികൾക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിലെ പോരായ്മകൾ കണ്ടെത്തി അക്കാര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭയിലൂടെ സാധിച്ചു. കുട്ടികളുടെ ഹരിതസഭയുമായി ബന്ധപ്പെട്ട് പ്രശംസനീയമായ പ്രവർത്തനമാണ് പത്തനംതിട്ട ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. അതിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പത്തനംതിട്ട ജില്ല ശുചിത്വ മിഷൻ പ്രത്യേകമായി അഭിനന്ദിക്കുന്നു. കുട്ടികളുടെ ഹരിതസഭ പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ച് സംഘടിപ്പിച്ച് വലിയ മാതൃക സമൂഹത്തിന് കാട്ടിക്കൊടുക്കുവാനും ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിപുലമായി വേൾഡ് ടോയിലറ്റ് ഡേ ക്യാമ്പയിനും ജില്ല ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നടത്തുകയുണ്ടായി. ഇതിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഐഇസി ഈവന്റുകൾ സംഘടിപ്പിച്ച രണ്ടാമത്തെ ജില്ലയായി മാറാനും നമ്മുടെ പത്തനംതിട്ടയ്ക്ക് ആയി എന്നത് ഏറെ അഭിമാനകരമാണ്.
പുതുവർഷത്തിലെ വലിച്ചെറിയൽ വിരുദ്ധ വരാചരണം
2025 ലേക്ക് കേരളം കൺതുറന്നപ്പോൾ വലിച്ചെറിയൽ വിരുദ്ധ വാരം പത്തനംതിട്ട ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ല ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. 2025 ജനുവരി ഒന്ന് മുതൽ ഏഴ് വരെയായിരുന്നു വാരാചരണം. സിഗ്നേച്ചർ ക്യാമ്പയിനിലൂടെയും ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലൂടെയും ഗ്രീൻ റൂട്ട് മാർച്ചുകൾ, ശുചിത്വ പ്രതിജ്ഞകൾ, ജനകീയ സമിതികൾ രൂപീകരിച്ച് വളരെ ആഴത്തിൽ ഇറങ്ങിയുളള പ്രവർത്തനത്തിലൂടെയും സമൂഹത്തിൽ വലിച്ചെറിയൽ എന്ന തെറ്റായ ശീലം ഒഴിവാക്കേണ്ടതിന്റെ സന്ദേശം ശക്തമായി പ്രചരിപ്പിക്കാൻ നമ്മുക്കായി. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശബരിമലയിലും ശുചിത്വ മിഷൻ ഗ്രീൻ ഗാർഡുകളെ ഉപയോഗിച്ച് വലിച്ചെറിയൽ വിരുദ്ധ വരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വലിച്ചെറിയൽ വിരുദ്ധ ഇടങ്ങളുടെ സൃഷ്ടിക്കായി ഇപ്പോഴും ഒരു ക്യാമ്പയിൻ പ്രവർത്തനമെന്ന നിലയിൽ നാം മുന്നേറുകയാണ്.
മാലിന്യ മുക്തം നവകേരളം- വലിയ ക്യാൻവാസിൽ തെളിയുന്ന മാലിന്യ മുക്ത പത്തനംതിട്ട
മാലിന്യ മുക്തം ജനകീയ ക്യാമ്പയിനിലൂടെ ഒറ്റത്തവണ ശുചീകരണ പ്രവർത്തനമല്ല ഉദ്ദേശിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് നാം ലക്ഷ്യം വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നിരീക്ഷണം ശക്തമാക്കിയും മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കുകയും ആ ബിന്നുകളിൽ ശേഖരിക്കുന്ന മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തിയുമാണ് ഈ ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്. ഇത് ഒരു നിരന്തര പ്രവർത്തനമാണ്. ജനകീയമായി ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ വലിയ ബോധവത്കരണ സന്ദേശവും നമ്മുക്ക് സമൂഹത്തിന് നൽകാനാവും. മാർച്ച് 30 ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ക്യാമ്പയിലൂടെ നമ്മുക്ക് സാധിക്കുകയും ചെയ്യും.
മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ അതിന്റെ പൂർണ്ണതയിൽ എത്താൻ എല്ലാ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമങ്ങളുടെയും പിന്തുണയും സഹായവും സഹകരണവും ആവശ്യമാണ്. നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കാൻ നമ്മുക്ക് എല്ലാവർക്കും ഒന്നിച്ച് ഒന്നായി അണിചേരാം.


