പത്തനംതിട്ട – ‘സത്യശീലൻ’ സത്യംമാത്രമേ പറയൂ. അതും സ്വന്തം ജീവിതത്തെക്കുറിച്ച്. പക്ഷെ പറയാതെ പറഞ്ഞതൊന്നുണ്ട്, ലഹരിയല്ല ജീവിതം. കലക്‌ട്രേറ്റിന്റെ നടുമുറ്റത്ത് ലഹരിമുക്തി സന്ദേശപ്രചാരണത്തിനായി ജില്ലാ ഭരണകൂടവും എക്‌സൈസ് വകുപ്പും ചേർന്നൊരുക്കിയ പാവനാടകത്തിലാണ് സത്യശീലന്റെ ദുരന്തം സന്ദേശമായി മാറിയത്. കൊല്ലം ഹാഗിയോസാണ് വാഹനത്തിൽ പാവനാടകം അവതിപ്പിച്ചത്. ജോമോൻ ഹാഗിയോസിന്റെ കരവിരുതാണ് നാടകമായത്.
ലഹരി വിമോചനത്തിനായുള്ള എക്സൈസ് വകുപ്പിന്റെ പ്രവർത്തനത്തിനൊപ്പം നാടാകെ ചേരണമെന്ന് ഫ്ളാഗ് ഓഫ് നിർവഹിച്ച വിമുക്തി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പറഞ്ഞു. മയക്കുമരുന്ന് വ്യാപനസാഹചര്യം എന്തുവിലകൊടുത്തും ചെറുക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി. ലഹരിക്കെതിരായ സന്ദേശം വീടുകളിൽ നിന്ന് തുടങ്ങണമെന്നും ഓർമിപ്പിച്ചു.

ജില്ലയിലെ 13 വേദികളിൽ ലഹരിവിരുദ്ധ പാവനാടകം അരങ്ങേറുമെന്ന് അധ്യക്ഷനായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. റോബർട്ട് പറഞ്ഞു. എഡിഎം ബി. ജ്യോതി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ അംഗം സജീവ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഫിനാൻസ് ഓഫീസർ കെ. ജി ബിനു, വിമുക്തി ജില്ലാ മാനേജർ എസ് സനിൽ, ജില്ലാ കോഓർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അയൂബ് ഖാൻ, പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

