വെറും നുണയിൽ പിണയും പിണറായി സർക്കാർ ; ആശാ വർക്കറന്മാരുടെ സമരപ്പന്തൽ സന്ദർശിച്ചു സുരേഷ് ഗോപി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സുപ്രധാന മറുപടിയുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുരേഷ് ഗോപി. ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്ന് സമരപ്പന്തൽ സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ഒന്നും തന്നില്ലെങ്കിൽ വ്യക്തമാക്കേണ്ട യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അത് ഹാജരാക്കി ഇല്ലെങ്കിൽ അടുത്ത ഗഡുവും ലഭിക്കില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാദ്ധ്യമങ്ങൾ കണ്ടുപിടിക്കണം. ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യയുടെ ആരോഗ്യ മന്ത്രി നുണ പറയുമോ ? അപ്പോൾ ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾ അന്വേഷിക്കണമെന്നും മാധ്യമ പ്രവർത്തകരോടായി സുരേഷ് ഗോപി പറഞ്ഞു.

ആശാവർക്കർമാരുടെ സമരപ്പന്തലിൽ ഇന്ന് വീണ്ടുമെത്തിയ സുരേഷ് ഗോപി ആശാവർക്കർമാരെ വീണാ ജോർജും സർക്കാരും പറഞ്ഞു പറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി. ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്നും സുരേഷ് ഗോപി സമരപ്പന്തലിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. സിക്കിം സർക്കാർ മാത്രമാണ് ആശാ വർക്കർമാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം അത് ചെയ്യാം. വീണാ ജോർജും ശിവൻ കുട്ടിയും വിചാരിച്ചാൽ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റും. എന്തുകൊണ്ട് ചെയ്യുന്നില്ല ? സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. ആ ബോധ്യം വച്ചുകൊണ്ട് ഇത് രാഷ്ട്രീയ ആയൂധമാക്കാൻ ഞാനില്ല. ഡൽഹിയിൽ പോയി സമരമിരുന്നാൽ ഞാനും വരാമെന്ന മന്ത്രിയുടെ പരാമർശം തെറ്റായിപ്പോയി. ഒരു മന്ത്രിക്ക് അങ്ങനെ സമരം ചെയ്യാൻ പറ്റില്ല. അതും നിങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ്. വെറും നുണയിൽ പിണയും പിണറായി സർക്കാർ എന്നു ഞാൻ ഇപ്പോൾ പറയും’- സുരേഷ് ഗോപി പറഞ്ഞു.

‘എന്താണോ നിയമപ്രകാരം കൊടുക്കേണ്ടത് അത് കേന്ദ്ര സർക്കാർ കൊടുത്തു കഴിഞ്ഞു. ഇനിയും കൊടുത്തില്ല എന്നു പറയുന്നുണ്ടെങ്കിൽ അതിന് കൊടുത്ത പണം ചിലവാക്കിയതിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കണം. കുറവുണ്ടെങ്കിൽ നോക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യൻ പാർലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അവിടെ നുണ പറയാൻ പറ്റില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്നതാണ് മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്.

‘2012ൽ ഈ സംവിധാനം കൊണ്ടുവന്ന ഇന്നത്തെ പ്രതിപക്ഷത്തിരിക്കുന്ന മഹാൻമാരോട് നിങ്ങൾ ചോദിക്കൂ ഇതിന്റെ ഘടനയെങ്ങനൊയാണന്ന്. അതുവച്ച് കേന്ദ്രത്തിന് എന്താണ് ചെയ്യാൻ ഉത്തരവാദിത്വമുള്ളത്, എന്താണ് ആ നിയമാവലിക്കുളളിൽ വച്ച് ചെയ്യാൻ കഴിയുക എന്നാലോചിക്കൂ. ഞാൻ പറയുന്നതെല്ലാം വസ്തുതയാണ് ആണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിക്കാൻ കേരളത്തിലെ ജനങ്ങളില്ലേ ? കേരളത്തിലെ ജനങ്ങളുടെ വക്താക്കളായി മാധ്യമങ്ങളില്ലേ ? അതിനും സിബിഐയും വരണോ ?’- സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നത് പാർലിമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞ ഭാഷാ മനസിലാകാത്തതിനാലാകാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സർജിക്കൽ സ്‌ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്റെ നേതാവ് സർജിക്കൽ സ്‌ട്രൈക്കിന്റെ ആളാണ് അവിടെനിന്ന് അതു പ്രതീക്ഷിക്കണമെന്ന് സുരേഷ് ഗോപി. ആശമാരുടെ സമരപ്പന്തലിൽ എത്തിയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം. 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോർട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയെന്നായിരുന്നു അവരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *