ചക്കുളത്തുകാവിൽ ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു.

Kerala Alappuzha Pathanamthitta

എടത്വ: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു.പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഭക്തർ ചക്കുളത്തുകാവിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നുർ-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി-മാന്നാർ- മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകൾ നിരന്നു. 3000 ഓളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും ആയിരത്തോളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർ പൊങ്കാല സ്ഥലങ്ങളുടെ സുരക്ഷ ക്രമീകരങ്ങൾ ഏറ്റെടുത്തിരുന്നു.

തൃകാർത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാൻ നാടിന്റെ നാനാ ഭാഗത്തുനിന്നും തീർത്ഥാടകർ ബുധനാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മൂന്ന് ദിവസവും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ദേവിക്ക് നേദ്യം സമർപ്പിച്ചത്.

പുലർച്ചെ 4 ന് നിർമ്മാല ദർശനത്തോടെ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9.30 ന് വിളിച്ചു ചൊല്ലി പ്രാർഥനയും നടന്നു. 10.30 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി ദേവിയെ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പൊങ്കാല പണ്ഡാര അടുപ്പിന് സമീപം എത്തിച്ചു. തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകർന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകർന്നതോട പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. പണ്ടാര പൊങ്കാല അടുപ്പിൽ നിന്ന് ഭക്തർ നേദ്യ അടുപ്പുകളിലേക്ക് തീ പകർത്തി. ഇതോടെ പ്രദേശം യാഗഭൂമിയായി മാറി. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമർപ്പണ ചടങ്ങുകൾ നടത്തിയത്.

പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമം രാധിക സുരേഷ്ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ചേർന്ന ഉദ്ഘാടനം ചെയ്തു. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമുഹിക പ്രവർത്തകനുമായ വെജി ചെറിയാൻ മുഖ്യാതിഥ്യം വഹിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷൻ എം.വി ഗോപകുമാർ, രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡൻ്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.


നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500-ൽ പരം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.

✒️ ഡോ ജോൺസൺ വി.ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *