ആരോഗ്യത്തിന്റെ കാര്യത്തിൽ കട്ടക്ക് പിടിക്കാൻ ഉറച്ച് തുമ്പമണ്ണിലെ സ്ത്രീകളും

Health Pathanamthitta
Print Friendly, PDF & Email

പന്തളം – തുമ്പമണ്ണിലെ സ്ത്രീകൾ ഇനി ഡബിൾ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തിൽ പുതിയ അദ്ധ്യായം രചിക്കുകയാണ് തുമ്പമൺ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെൽനെസ്സ് സെന്റർ. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ ഇവിടെ പ്രാപ്തരാക്കുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ജിം യാഥാർഥ്യമാക്കിയത്. പ്രവർത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടുമ്പോൾ മനകരുത്തിനൊപ്പം ശാരീരികാരോഗ്യവും മുതൽക്കൂട്ടായ വനിതകളെയാണ് വാർത്തെടുത്തത്. വനിതാ ജിമ്മിന് പിന്നിൽ കുടുംബശ്രീയുടെ പങ്കും ശ്രദ്ധേയമാണ്. വരുമാനത്തിനും ജിമ്മിലെത്തുന്നവർക്ക് ഉന്മേഷം നൽകാനുമായി സ്ഥാപിച്ച കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്‌ക്കും വിജയപാതയിലാണ്.

കരുത്തിന്റെ പടവുകൾ കയറാൻ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്നും ദിനംപ്രതിയെത്തുന്നത് 90 ലധികം വനിതകളാണ്. മനക്കരുത്തിനൊപ്പം സ്വയം പ്രതിരോധ ശേഷി പകരാൻ വിപുലമായ വ്യായാമസൗകര്യങ്ങളുണ്ട്. കാൻസർ, പ്രമേഹം, രക്തസമർദ്ദം, ഹൃദയ സംബന്ധമായ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം കൂടിയാണ് ജിം. വനിതാ ഘടക പദ്ധതി- ആരോഗ്യത്തിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളായ ട്രെഡ്മിൽ, ബൈക്ക്, ആപ്പ്‌സ് കോസ്റ്റർ, ഹിപ്പ് ട്വിസ്റ്റർ, സ്റ്റാൻഡിങ് ഹിപ്പ് ട്വിസ്റ്റർ, മാസ്സ് എക്സ്റ്റൻഷൻ, ഡംബൽസ്, വെയ്റ്റ് ബോൾ തുടങ്ങിയവ ജിമ്മിൽ ക്രമീകരിച്ചിരിക്കുന്നു.

ഉദ്യോഗസ്ഥർക്കും വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ സമയത്താണ് ജിമ്മിന്റെ പ്രവർത്തനം. 20 മുതൽ 68 വയസുവരെയുള്ള വനിതകൾ പരിശീലനത്തിനായി എത്തുന്നു. സൗഹൃദ സംഭാഷണങ്ങൾക്ക് എത്തുന്നവരുമുണ്ട്. തായ്കൊണ്ടോ, കരാട്ടെ, കുഡോ എന്നിവയിൽ ബ്ലാക്ക് ബെൽറ്റുള്ള 26 കാരി ശിൽപയാണ് ട്രെയിനിർ. സ്‌കൂൾ അധ്യാപിക കൂടിയായ ശിൽപ യോഗ, സുംബ, സ്വയം പ്രതിരോധം എന്നിവയിൽ പരിശീലനം നൽകന്നു. സ്ത്രീകളുടെ മാനസികവും ശരീരികവുമായ ഉന്നമനത്തിനായി ഓരോരുത്തരുടെയും ആവശ്യത്തിനുതകുന്ന രീതിയിലാണ് പരിശീലന മുറകൾ.

ജീവിതശൈലി രോഗങ്ങളിൽ നിന്ന് മോചനത്തിന് കുറഞ്ഞ ചെലവിൽ കൂടുതൽ ആരോഗ്യ പരിപാലനം ജിമ്മിൽ ഉറപ്പാക്കാം. നിലവിൽ രാവിലെയും വൈകിട്ടുമായി രണ്ട് ബാച്ചുകളാണുള്ളത്. മാസം 300 രൂപയാണ് ഫീസ്. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ജിമ്മ് ആരംഭിക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ബ്ലോക്ക് മുൻ പ്രസിഡന്റ് പോൾ രാജനാണ്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിശീലനത്തിനും വ്യായാമത്തിനുമായി ഇവിടെ എത്തുന്നു. സ്ത്രീ സൗഹൃദമായ അന്തരീക്ഷത്തിൽ വ്യായാമത്തിലൂടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനൊപ്പം സ്വയം പ്രതിരോധത്തിനായുള്ള ആത്മധൈര്യം നൽകുന്നതിന് ജിമ്മിലെ പരീശീലനങ്ങൾ ഉപകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില പറഞ്ഞു. ജിമ്മിന്റെ സേവനം ജില്ലയിലെ എല്ലാ വനിതകൾക്കും ലഭ്യമാക്കും വിധം കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള പഞ്ചായത്തിലെ വല്ലനയിൽ ജിമ്മിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനും ലക്ഷ്യമിടുന്നു. സ്ത്രീകളെ മാനസികമായും ശരീരികമായും പ്രാപ്തരാക്കുന്ന ഇത്തരം സംരംഭങ്ങൾക്കാവശ്യമായ സേവനങ്ങൾ തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *