അടൂർ: കണ്മുന്നിൽവെച്ചു സഹോദരന്റെ മകനെ മർദ്ദിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ച നാൽപ്പതുകാരന്റെ തല അടിച്ചു തകർത്ത് നാലംഗ സംഘം. നാലു ദിവസം മുൻപ് നടന്ന സംഭവത്തിൽ കേസ് എടുക്കാൻ ഒരുങ്ങുകയാണ് ഏനാത്ത് പോലീസ്. മണ്ണടി രാജേഷ് ഭവനം സുനീഷിനെയാണ് നാലംഗ സംഘം മർദ്ദിച്ച് തലയ്ക്ക് പരുക്കേൽപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചെ 12 ന് സുനീഷിന്റെ വീട്ടുമുറ്റത്താണ് സംഭവം.
സുനീഷിന്റെ ജ്യേഷ്ഠന്റെ മകനെ വീട്ടുമുറ്റത്തിട്ട് അയാളുടെ കൂട്ടുകാർ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച സുനീഷിനെ രണ്ട് പതിനേഴുകാരും രണ്ട് പത്തൊമ്പതുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ബൈക്കിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സുനീഷിന്റെ സഹോദരന്റെ മൂത്ത മകൻ അജിത്തിനെയാണ് നാലംഗ സംഘം ആദ്യം മർദ്ദിച്ചത്. അജിത്തിന്റെ അനിയൻ ഈ കുട്ടികളുടെ സുഹൃത്താണ്. ഇവർക്കൊപ്പം നടന്ന് അനിയൻ വഴി പിഴക്കുന്നത് ചോദ്യം ചെയ്തതിനാണ് അജിത്തിനെ മർദ്ദിച്ചത്. അജിത്തിനെ തല്ലുന്നത് തടയാൻ ശ്രമിച്ചതിനാണ് സുനീഷിനെ മർദ്ദിച്ചത്. ഇയാൾക്ക് തലയ്ക്ക് എട്ടു തുന്നൽ വേണ്ടി വന്നു. വിവരം വൈകി അറിഞ്ഞ ഏനാത്ത് പോലീസ് കേസ് എടുക്കാനുളള നീക്കത്തിലാണ്.


