ചിറ്റാർ: സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്നു വഴക്കുണ്ടാക്കുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ ഭയന്ന് സഹോദരന്റെ വീട്ടിൽ അഭയം തേടിയ പിതാവിനെയും സംരക്ഷണം നൽകിയ ആ ജ്യേഷ്ഠനെയും വീടുകയറി മർദ്ദിച്ച മകൻ അറസ്റ്റിലായി. സീതത്തോട് കോട്ടമൺപാറ അള്ളുങ്കൽ പാറയിൽ വീട്ടിൽ അനീഷ് തോമസ് (37) ആണ് പിടിയിലായത്. പിതാവ് പി എം തോമസ് (65), ജ്യേഷ്ഠൻ പി.എം വർഗീസ് (78) എന്നിവർക്കാണ് ഇയാളുടെ മർദ്ദനം ഏറ്റത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മദ്യപിച്ച് വർഗീസിന്റെ സീതത്തോട് അള്ളുങ്കൽ പാറയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഇദ്ദേഹത്തെയും അനീഷിന്റെ പിതാവ് തോമസിനെയും കയ്യിൽ കരുതിയ കല്ലുകൊണ്ടും പട്ടിക കഷ്ണം കൊണ്ടും ഉപദ്രവിക്കുകയായിരുന്നു. മകൻ മദ്യപിച്ചെത്തി സ്ഥിരമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്നത് കാരണം, ഒരു മാസമായി തോമസ് സഹോദരൻ വർഗീസിന്റെ വീട്ടിലാണ് താമസം. അനീഷിന്റെ 12 വയസ്സുള്ള മകളും ഇയാളെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ കുവൈറ്റിൽ നഴ്‌സ് ആണ്. അമ്മ, സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം എസ്.ഐ ബെയ്‌സിലാണ് കേസ് അന്വേഷണം നടത്തുന്നത്.


