കൊടുത്താൽ അങ്ങ് കോയിപ്രത്തും കിട്ടും : കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം :

Kerala Pathanamthitta Politics

കോഴഞ്ചേരി: ഭരണത്തിലേറി ഒന്നര വർഷം കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ച് വലിച്ചിട്ട എൽഡിഎഫിനോട് അതേ നാണയത്തിൽ തിരിച്ചടിച്ചു കോൺഗ്രസ് . അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇതേ രീതിയിൽ എൽഡിഎഫ് ഭരണ സമിതിയെ വലിച്ചു താഴെയിട്ടിരിക്കുകയാണ് യുഡിഎഫ്. അതിന് കരുവാക്കിയതാകട്ടെ സിപിഎം വനിതാ അംഗത്തെയും.

പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റ് കെ.കെ.വത്സല, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ പുറത്തായി. കോയിപ്രം ബ്ലോക്ക് ഇടക്കാട് ഡിവിഷനിൽ നിന്നുള്ള എൽ.ഡി.എഫ് അംഗം ജെസി സൂസൻ ജോസഫ് അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് നിലവിലെ ഭരണസമിതി പുറത്തായത്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജിജി ജോൺ മാത്യു പ്രസിഡന്റും ലാലു തോമസ് വൈസ് പ്രസിഡന്റുമായി യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ ഉണ്ണി പ്ലാച്ചേരി എൽ.ഡി.എഫിലേക്ക് കൂറു മാറി. തുടർന്ന് വന്ന അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് ഭരണ സമിതി പുറത്തായി. ഉണ്ണി പ്ലാച്ചേരിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം കൊടുത്ത് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു.

ആദ്യ ഒന്നേകാൽ വർഷം ശോശാമ്മ തോമസ് പ്രസിഡന്റായി. പിന്നീടുള്ള ഊഴത്തിൽ കെ.കെ.വത്സല പ്രസിഡന്റായി. ധാരണ പ്രകാരം കെ.കെ. വത്സല ചുമതല ഒഴിയാൻ തയാറാകാതിരുന്നത് എൽഡിഎഫിൽ അസംതൃപ്തിയുണ്ടാക്കി. ഇത് മുതലെടുത്ത് എൽഡിഎഫിൽ നിന്ന് ജെസി സൂസൻ ജോസഫിനെ യു.ഡി.എഫ് പാളയത്തിലെത്തിച്ചു. ഇന്നലെ രാവിലെയും ഉച്ചക്ക് ശേഷവും നടന്ന അവിശ്വാസ ചർച്ചകളിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു.

ജെസി സൂസന് കിട്ടേണ്ട പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്നലെ എൽഡിഎഫിന്റെ പതനത്തിൽ കലാശിച്ചത്. വനിതാ സംവരണം അട്ടിമറിച്ച് നിലവിലെ പ്രസിഡന്റിനെ കൊണ്ട് അവധി എടുപ്പിച്ച ശേഷം വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്ക് പ്രസിഡന്റിന്റെ ചുമതല നൽകാനുള്ള എൽ.ഡി.എഫ് നീക്കത്തിൽ പ്രതിഷേധിച്ചാണ് താൻ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് ജെസി സൂസൻ ജോസഫ് പറഞ്ഞു. ഇടത് മുന്നണിയിലെ അംഗങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതെ യു.ഡി.എഫിൽ നിന്നും എത്തിയ വൈസ് പ്രസിഡന്റിന് അമിത പ്രാധാന്യം നൽകുകയാണ് നേതൃത്വം ചെയ്തത്. ഇക്കാര്യം പാർട്ടിയിലും മുന്നണിയിലും ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാക്കിയില്ല. കെടുകാര്യസ്ഥതയിലാണ് എൽ.ഡി.എഫ് ഭരണം കഴിഞ്ഞ നാളുകളിൽ നടന്നതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ലാലു തോമസ് പറഞ്ഞു. സി.പി.എം അംഗങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതാണ് സി.പി.എം അംഗം പാർട്ടി വിടാൻ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരികെ പിടിച്ചത് യു.ഡി.എഫിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ടിക്കറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ച് ഒന്നേകാൽ വർഷത്തിന് ശേഷം ഭരണം അട്ടിമറിച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റായെങ്കിലും യു.ഡി.എഫ് ഉണ്ണി പ്ലാച്ചേരിയെ പുറത്താക്കിയില്ല. നിലവിൽ വിപ്പ് ലംഘിച്ച് കൂറ് മാറിയതിന് തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഉണ്ണിക്കെതിരേ കേസ് ഉണ്ട്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിക്കാൻ യു.ഡി.എഫ് നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്ക് കോൺഗ്രസ് വിപ്പ് നൽകി. വിപ്പ് ലംഘിച്ചാൽ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള കൂറുമാറ്റ നിരോധനക്കേസിൽ തിരിച്ചടിക്കും. ലംഘിക്കാതിരുന്നാൽ തനിക്കെതിരെ തന്നെ വോട്ട് ചെയ്യേണ്ടിയും വരും. ഇതോടെ ഉണ്ണി ചർച്ചയിൽ നിന്ന് വിട്ടു നിന്നു. കോൺഗ്രസ് നേതൃത്വം ബുദ്ധിപൂർവം ഉണ്ണിയെവെട്ടിലാക്കുകയായിരുന്നു. എൽ.ഡി.എഫിലേക്ക് കൂറുമാറിയ ഉണ്ണിയ്‌ക്കെതിരേ കർശന നടപടി എടുക്കാതെ തന്ത്രപരമായ സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചത്.

സഹകരണ സ്ഥാപനങ്ങൾ മുഴുവൻ പിടിച്ചെടുത്ത സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോയിപ്രത്ത് നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഉണ്ടായതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു.

വികസനത്തിൽ ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ മുൻപന്തിയിൽ നിന്നിരുന്ന തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ അകാരണമായി അട്ടിമറിച്ചാണ് സി.പി. എം ഭരണം നേടിയതെന്ന് മുൻ പ്രസിഡന്റ് ജിജി ജോൺ മാത്യു പറഞ്ഞു. യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *