കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അപ്പീലിൽ ഒരിടത്തും തങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭാര്യ മഞ്ജുഷ വ്യക്തമാക്കി. അങ്ങനെ ആവശ്യപ്പെടാൻ വക്കാലത്ത് നൽകിയിരുന്ന മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നില്ല. സിബിഐ അന്വേഷണം എന്ന ഒറ്റ ആവശ്യം മാത്രമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഹർജിക്കാരിയുടെ താല്പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അങ്ങനെ ഒരു ആവശ്യം അഭിഭാഷകൻ വാദ മദ്ധ്യേ ഉന്നയിച്ചത്. സിബിഐയോ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടതായാണ് അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ, തങ്ങൾക്കു ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ഒരു ആവശ്യം ഇല്ല എന്ന് ഹൈക്കോടതിയെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നു അഭിഭാഷകനോട് പറഞ്ഞപ്പോൾ അതു കോടതിയെ ബോധ്യപ്പെടുത്താം എന്നു അഭിഭാഷകന്റെ ഓഫീസിൽ നിന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, പിന്നീട് ബന്ധപ്പെട്ടപ്പോൾ തനിക്കു ഈ കേസിലെ വക്കാലത്തിൽ താല്പര്യമില്ല എന്ന് അറിയിക്കുകയാണ് അഭിഭാഷകൻ ചെയ്തത്. അതിനാൽ ഈ അഭിഭാഷക ഓഫീസിൽ നിന്നും വക്കാലത്തു ഒഴിഞ്ഞു വാങ്ങിച്ചു എന്നും മഞ്ജുഷ അറിയിച്ചു.
സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി അഭിഭാഷകൻ ക്രൈംബ്രാഞ്ച് അന്വേഷണ കാര്യം കൂടി ഹൈക്കോടതിയെ ബോധിപ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സർക്കാർ എതിർത്തതുമില്ല. തുടർന്ന്, ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റുകയായിരുന്നു.
അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചയുള്ളതായി ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർക്കാരിനായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ എതിർത്തില്ല. തുടർന്നാണ് അപ്പീൽ വിധിപറയാൻ മാറ്റിയത്.


