കോട്ടയം: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിലാക്കി വരൻ ഇറ്റലിക്ക് മുങ്ങിയ സംഭവം: ഗാർഹിക പീഡനത്തിന് കടുത്തുരുത്തി പോലീസ് കേസെടുത്തു. റാന്നി സ്വദേശിയായ യുവാവിനെതിരേയാണ് വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സൈബറിടങ്ങളിൽ പ്രചരിക്കുന്നത് കള്ളക്കഥയാണെന്ന് വധുവിന്റെ വീട്ടുകാർ പറയുന്നു.
വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങളും കൈക്കലാക്കി വരൻ നാടുവിട്ടെന്നാണ് വധുവിന്റെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. എന്നാൽ, താൻ വിവാഹം കഴിച്ച പെൺകുട്ടിയിൽ കുറ്റം ആരോപിച്ച് വരൻ പിറ്റേന്ന് എമർജൻസി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കളുടെ വിശദീകരണം. ഈ ആരോപണം തെറ്റെന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്.
പെൺകുട്ടിയെ കുറിച്ചുള്ള പ്രചാരണങ്ങൾ നിഷേധിക്കുകയാണ് സഹോദരൻ. ഇക്കാര്യത്തിൽ ഉൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് കുടുംബം ഒരുങ്ങുന്നത്. ആവശ്യമെങ്കിൽ ശാസ്ത്രീയമായ തെളിവുകൾ കൂടി ഹാജരാക്കാൻ തയ്യാറാണെന്നും സഹോദരൻ പറഞ്ഞു. ജനുവരി 23 നാണ് റാന്നിയിൽ വച്ച് വിവാഹം നടന്നത്. അത്യാഢംബര പൂർവമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം വധുവിനോടും ഒന്നും പറയാതെ സഹോദരിയോടും ഭർത്താവിനോടും പെൺകുട്ടിയെ വേണ്ടെന്ന് യുവാവ് പറയുകയായിരുന്നുവത്രേ.
വിവാഹപ്പിറ്റേന്ന് രാത്രി പത്ത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ കൊണ്ട് വിട്ടതിന് ശേഷമാണ് വരൻ മുങ്ങിയത്. പിതാവിന്റെ ചികിത്സയ്ക്കായി 25 ലക്ഷം ഏർപ്പാടാക്കണം എന്ന് പറഞ്ഞാണ് പോയത്. എറണാകുളത്തേയ്ക്ക് പോകുകയാണെന്നും തിരികെ വരുമ്പോൾ കൂട്ടിക്കൊണ്ട് പോകാമെന്നുമാണ് പറഞ്ഞത്. പിന്നീട് ദുബായ് ഏയർപോർട്ടിൽ ചെന്ന ഇയാൾ മൂത്ത സഹോദരിയ്ക്ക് മെസേജ് അയയ്ക്കുകയായിരുന്നു.
താൻ ആഗ്രഹിച്ചത് പോലെയുള്ള ശരീര സൗന്ദര്യമല്ല പെൺകുട്ടിയ്ക്കെന്നും മെസേജിൽ പറഞ്ഞു. 12 ാം തീയതിയാണ് പെണ്ണ് കാണൽ ചടങ്ങിൽ ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. 25 പവനോളം സ്വർണ്ണവും തിരിച്ചു കിട്ടിയിട്ടില്ലെന്ന്് ബന്ധുക്കൾ പറയുന്നു.
ഇത് സബന്ധിച്ച സോഷ്യൽ മീഡിയയിൽ പലവിധത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഇതോടെയാണ് വരന്റെ ബന്ധുക്കളിൽ ചിലർ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത്തരം പ്രചരണം ശക്തമായതോടെയാണ് സഹോദരൻ അടക്കം വിശദീകരണവുമായി രംഗത്തുവന്നത്.


