പത്തനംതിട്ട – ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്നും അതിൽ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമ കൂടിയാണെന്ന് ജില്ലാ കലക്ടർ എസ് പ്രേം ക്യഷ്ണൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് വോട്ട് ചെയ്യൽ നിർബന്ധമാണ്. രാജ്യത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ ലോകത്തിനാകെ മാതൃകയാണ്. നാം വോട്ടു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ കൂടി വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കാൻ ജില്ലാ കലക്ടർ ആഹ്വാനം ചെയ്തു.

റോളർ സ്‌കേറ്റിംഗ് ലോക ജൂനിയർ ചാമ്പ്യനും ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ പ്രമാടം സ്വദേശി അഭിജിത്ത് അമൽരാജ് മുഖ്യാതിഥിയായിരുന്നു. സമ്മതിദായക പ്രതിജ്ഞ അഭിജിത് ചൊല്ലികൊടുത്തു. ഒറ്റ വോട്ടു പോലും പാഴാക്കരുത് എന്ന പ്രചരണം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ വോട്ടു ചെയ്യും ഉറപ്പായും’ എന്നതായിരുന്നു ദിനാചരണ സന്ദേശം. ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മൽസരത്തിൽ വിജയികളായ ഫേബ സാബു (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്), ഹിമ ഹരീഷ് (മണക്കാല എഞ്ചിനീയറിംഗ് കൊളജ്) പ്രശ്നോത്തരിയിൽ വിജയിച്ച എസ് അഭിനന്ദ് (പത്തനംതിട്ട, കാതോലിക്കേറ്റ് കൊളജ്), ജയദീപ് ഭട്ടാചാർജി (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്) ഭദ്ര കൃഷ്ണകുമാർ നായർ (പത്തനംതിട്ട, കാതോലിക്കേറ്റ് കൊളജ്), കെവിൻ ബിജോയി (കോഴഞ്ചേരി, സെന്റ് തോമസ് കൊളജ്) എന്നിവർക്കുള്ള പുരസ്‌ക്കാരം ജില്ലാ കലക്ടർ വിതരണം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത പുതിയ വോട്ടർമാരായ ഫൈസ ഫാസിൽ, ബി വിജയ്, ശ്രുതി ശ്രീകുമാർ എന്നിവർക്ക് വോട്ടേഴ്സ് തിരിച്ചറിയൽ കാർഡും അദ്ദേഹം നൽകി.

എ.ഡി.എം ബി ജ്യോതി അദ്ധ്യക്ഷയായി. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ഡെപ്യൂട്ടി കലക്ടർമാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ജേക്കബ് ടി ജോർജ്, ആർ ശ്രീലത, ആർ രാജലക്ഷ്മി, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

