പത്തനംതിട്ട – ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യകമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സഖറിയ ഉമ്മൻ നേതൃത്വം നൽകി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവർത്തനം ഉദ്യോഗസ്ഥർ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളിൽ എത്താൻ സാധിക്കാത്ത ജില്ലയിലെ ഗോത്രവർഗമേഖലയിലെ കുട്ടികൾക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷൻ വ്യാപാരികളുടെ അനന്തരാവകാശികൾ കടകൾ ഏറ്റെടുക്കുവാൻ താൽപര്യമില്ലാത്ത സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ കെ ആർ ജയശ്രീ, ഉദ്യോഗസ്ഥർ പങ്കെടുത്തു.


