സ്‌കൂട്ടറിൽ ക്വാഡ്രിപ്പിൾ യാത്ര ; സ്‌കൂട്ടർ ആർടിഓ അധികൃതർ പിടിച്ചെടുത്തു : ഉടമയ്‌ക്കെതിരേ നടപടിയുണ്ടാകും

Pathanamthitta

പത്തനംതിട്ട: ഒരു സ്‌കൂട്ടറിൽ നാലു പേരുടെ സഞ്ചാരം ( ക്വാഡ്രിപ്പിൾ യാത്ര ) പിന്നാലെ വന്ന വാഹനയാത്രക്കാർ പകർത്തി ആർടിഓ എൻഫോഴ്‌സ്‌മെന്റിന് കൈമാറി. നമ്പർ നോക്കി ഉടമയെ മനസിലാക്കി ആർടിഓ അധികൃതർ കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട മൈലപ്ര-ചീങ്കൽത്തടം റോഡിൽ നിന്ന് കഴിഞ്ഞ ദിവസമാണ് നാലംഗ സംഘത്തിന്റെ ഒരു സ്‌കൂട്ടറിലുള്ള യാത്ര പിന്നാലെ കാറിൽ വന്നവർ കാമറയിൽ പകർത്തിയത്. ഇതിൽ ഏറ്റവും മുന്നിലും പിന്നിലും സഞ്ചരിച്ചിരുന്നവർ ഹെൽമറ്റ് ധരിച്ചിരുന്നു. റോഡിന് മധ്യഭാഗത്തു കൂടിയാണ് അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ കയറിയ നിലയിൽ വാഹനമോടിച്ചത്.

വീഡിയോ ദൃശ്യങ്ങൾ ലഭിച്ച ആർടിഓ എൻഫോഴ്‌സ്‌മെന്റ അധികൃതർ വാഹനം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളിയായ മാതാവിന്റെ സമ്മതത്തോടെ പ്രായപൂർത്തിയാകാത്ത മകനാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഒരു മരണ വീട്ടിൽ പോയി മടങ്ങിയ സൂഹൃത്തുക്കൾ നാലും കൂടി കാമറയും പോലീസോ മോട്ടോർ വാഹനവകുപ്പോ എത്താത്തതുമായ റൂട്ടിലൂടെ സഞ്ചാരത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. കേസെടുത്ത ആർ.ടി.ഓ അധികൃതർ വാഹനവും പിടിച്ചെടുത്തു.

നാളെ ആർടിഓ വന്ന ശേഷം ശിക്ഷാ നടപടികൾ തീരുമാനിക്കും. വാഹന ഉടമയ്ക്ക് മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പിലുള്ള കുറ്റമാണിത്. സ്‌കൂട്ടർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് 25 വയസു വരെ ഡ്രൈവിങ് ലൈസൻസും എടുക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം തിരുവല്ലയ്ക്ക് സമീപം കാറിന്റെ ഡോറിലൂടെ പുറത്തേക്കിരുന്ന് യാത്ര ചെയ്ത രണ്ടു യുവാക്കളെ ആർടിഓ എൻഫോഴ്‌സ്‌മെന്റ് പിടികൂടിയിരുന്നു. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലേക്ക് പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *