അടൂർ: ദേശീയ പാതയിൽ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാൽപ്പതിലേറെപ്പേർക്ക് പരുക്ക്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടും വച്ച് അമിതവേഗതയിൽ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്ന് രാവിലെ 6.30 നാണ് സംഭവം. കൊല്ലംപള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ്. കോളജിൽ നിന്നുളള വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

ഇതിൽ 44 സ്ത്രീകളും അഞ്ച് പുരുഷന്മാരും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു. കല്ലുകുഴി ജങ്ഷനിലെ വളവ് വേഗത്തിൽ വീശിയെടുത്തപ്പോൾ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വണ്ടിയുടെ ടയർ തേഞ്ഞു തീർന്നതായിരുന്നു. കോളജിൽ നിന്ന് വാഗമണിലേക്ക് രണ്ടു ബസുകളിലായി 52 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നിൽ വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ നടക്കാൻ ഇറങ്ങിയ കടമ്പനാട് പഞ്ചായത്ത് മുൻ അംഗം രഞ്ജിത് കല്ലുകുഴി, കൊട്ടാരക്കരയിൽ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോ. ജേക്കബ് പി ജോൺ എന്നിവരാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് അടൂരിൽ നിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് വന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്ന് കേബിൾ പിന്നാലെ വന്ന കെഎസ്ആർടിസി ബസിൽ കുരുങ്ങി. ഫയർ ഓഫീസർ അഭിലാഷ് ബസിന് മുകളിൽ കയറി കേബിളുകൾ നീക്കം ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

