പന്തളം: തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, മേൽശാന്തി ശംഭു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. തുടർന്നു നടന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. തന്ത്രിമന്ദിരത്തിന്റെ സമർപ്പണവും വിദ്യാഭ്യാസ അവാർഡ് വിതരണവും 13 കരകളിൽ പെട്ട ഭവനരഹിതർക്കായി വീടു നിർമ്മിച്ചു നല്കുന്ന പന്തളം ഭൂപതീയം പദ്ധതിയിലെ രണ്ടാമത്തെ വീടിനുള്ള നറുക്കെടുപ്പും അദ്ദേഹം നിർവ്വഹിച്ചു. മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡൻ്റ് എം.ജി. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ യു. രമ്യ, സമിതി വൈസ് പ്രസിഡൻ്റ് വിജയകുമാർ മഞ്ചാടി, സെക്രട്ടറി ജെ. കൃഷ്ണകുമാർ, ജോ. സെക്രട്ടറി പ്രദീപ് കുമാർ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, ജി. പങ്കജാക്ഷൻ പിളള എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 7.30 നു ഹിന്ദുധർമ്മ സമ്മേളനം ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ കാ.ഭാ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ടി.എസ്. വിനീത് ഭട്ട് തന്ത്രി, ഒ.എസ്. സതീഷ് തൃശ്ശിവപേരൂർ, രാജേഷ് ജി. പിള്ള, സരിത അയ്യർ എന്നിവർ പ്രഭാഷണം നടത്തും.
12നു വൈകിട്ട് 7നു സേവ. തുടർന്നു മേജർ സെറ്റ് പഞ്ചാരിമേളവും പൂരക്കാഴ്ചയും കുടമാറ്റവും നടക്കും. 13നു രാവിലെ 9.30നു കൊടിയിറക്ക്, 10ന് ആറാട്ടിനെഴുന്നെള്ളിപ്പ്, 4.30നു കടയ്ക്കാട് വടക്ക് ആറാട്ടുകടവിൽ ആറാട്ട്, 6.30നു ക്ഷേത്രത്തിലേക്ക് ആറാട്ട് വരവേല്പു ഘോഷയാത്ര. ഘോഷയാത്രയ്ക്ക് പ്രാദേശിക സഭകളും സംഘടനകളും സ്വീകരണം നല്കും.

ചിത്രങ്ങൾ – സതീഷ് കുളനട


