കൊച്ചി: സനാതന ധർമ്മം സാർവത്രികമാണെന്നും ശ്രീനാരായണ ഗുരുദേവന്റെ ദർശനം അതിന്റെ മൂർത്ത രൂപമാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ഇക്കാര്യം ഗുരുദേവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പ്രഖ്യാപനം സനാതന ധർമം തന്നെയാണെന്നാണ്, സമാധിക്കു മുമ്പ്, 1927ൽ ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഗുരുദേവൻ അവസാന പ്രസംഗത്തിൽ പറഞ്ഞത്, സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. സനാതന ധർമം ഹിന്ദുമതത്തിന്റെ കുത്തകയല്ല, അത് സാർവ ലൗകികമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ സനാതന ധർമത്തെ അവഹേളിച്ചു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു സ്വാമിയുടെ പ്രതികരണം. സനാതന ധർമ്മത്തിന്റെ വക്താക്കൾ ആർഎസ്എസ് ആണെന്ന് തെറ്റിദ്ധരിച്ചോ ? അങ്ങനെയാണെന്ന് ഉറപ്പിക്കാനോ ആയിരിക്കാം അദ്ദേഹത്തിൻറെ ഈ പ്രസ്താവന എന്ന് വിലയിരുത്തുന്നവരുണ്ട്. സനാതന ധർമ്മം എന്നത് സവർണ്ണരുടെ മാത്രമാണെന്ന് തെറ്റിദ്ധരിച്ചോ ആണ് പ്രസ്താവന. വാത്മീകി അടക്കമുള്ള സനാതന ധർമ്മ സന്യാസി വര്യന്മാരും, യോഗീശ്വരന്മാരും ഒക്കെ സവർണ്ണരായിരുന്നില്ല എന്നതും ശ്രദ്ധേയം !!
മതപരിവർത്തനം തേടി വന്നവരോട് സനാതന ധർമത്തിലേക്ക് മാറാനാണ് ഗുരുദേവൻ നിർദേശിച്ചത്. ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിൽ ക്രിസ്തു മതത്തിലേക്ക് ഈഴവർ കൂടുതലായി മതം മാറുന്നു എന്നറിഞ്ഞ ഗുരുദേവൻ അന്ന് നാണുവാശാൻ എന്നൊരാളെ അതിൽ നിന്ന് സമുദായാംഗങ്ങളെ പിന്തിരിപ്പിക്കാൻ നിയോഗിച്ചിരുന്നു എന്ന് എംകെ സാനു മാഷിന്റെ ഈഴവ തീയ്യ ചരിത്ര പഠന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയുമായി സനാതന ധർമ്മത്തിന് ബന്ധമില്ല. സനാതന ധർമം നിലനിന്നതിനാലാണ്, ക്രിസ്തു മതത്തിനും ഇസ്ലാമിനും ഭാരതത്തിൽ പ്രവേശിക്കാൻ പോലുമായത്. പിന്നീട് സനാതന ധർമത്തിന് ജീർണത വന്നു തുടങ്ങി. ദുരാചാരങ്ങളായ ജാതി വ്യവസ്ഥയും ചാതുർവർണ്യവും വന്നതോടെയാണിത്. ഇവ കാരണമാണ് അയിത്തമുണ്ടായത്. ശ്രീനാരായണ ഗുരുദേവനും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും ഉൾപ്പടെയും, അയ്യങ്കാളി, മന്നം, ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹിക നവോത്ഥാന നായകരൊക്കെ ഈ ദുരാചാരങ്ങളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. തന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പൻറെ നിരീശ്വര വാദത്തെയും, ബുദ്ധമതത്തിലേക്കും, സിഖ് മതത്തിലേക്കും ഒക്കെ മാറണമെന്നുള്ള സമുദായാംഗങ്ങളുടെ നിർദ്ദേശത്തെയൊക്കെ അവഗണിക്കുകയാണ് ഗുരുദേവൻ ചെയ്തത്. അന്ന് റാന്നിയിലും, ചെങ്ങന്നൂരിലെ ചിലയിടങ്ങളിലും അങ്ങനെ ആ മതങ്ങളിലേക്ക് മാറിയ പലരും ഇന്ന് സനാതന ധർമ്മത്തിലേക്ക് തന്നെ ലയിക്കുന്നതാണ് കണ്ടത് .
മതത്തെക്കാൾ വലുതാണ് മനുഷ്യരെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നുമാണ് ഗുരുദേവൻ പറഞ്ഞത്. ഇന്നു നിലവിലുളള സനാതന ധർമം മൂല്യച്യുതി സംഭവിച്ചതാണ്. ജാതി വ്യവസ്ഥയുടെയും ചാതുർവർണ്യത്തിന്റെയും ശക്തമായ സാന്നിധ്യം ഇന്നും നമുക്ക് അനുഭവിച്ചറിയാം. ഇതിനെ സനാതന ധർമമായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. ഈ തെറ്റിദ്ധാരണ നീക്കണം. മതങ്ങൾക്കു വളരെ മുമ്പേ ഉരുത്തിരിഞ്ഞതാണ് സനാതന ധർമം. അത് ഭാരതത്തിന്റെ സംസ്‌കാരമാണ്. അപ്പോൾ ഹിന്ദുമതമുണ്ടായിട്ടില്ല. ഹിന്ദുമതത്തിനു മാത്രം അവകാശപ്പെട്ടതുമല്ല അത്, സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.


