അയ്യപ്പഭക്തർക്ക് ഔഷധ കുടിവെള്ളം നൽകാൻ അട്ടപ്പാടിയിൽ നിന്നുള്ള ഗോത്രവർഗക്കാർ

Kerala Pathanamthitta
Print Friendly, PDF & Email

മലകയറുന്ന അയ്യപ്പഭക്തർക്ക് ദാഹവും ക്ഷീണവുമകറ്റാൻ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയിൽ നിന്നുള്ള ഗിരിവർഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോർഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാൻ നീലിമല മുതൽ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതിൽ 200 പേർ പുതൂർ, ഷോളയൂർ, അഗളി എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്രവർഗക്കാരാണെന്ന് സ്‌പെഷ്യൽ ഓഫീസർ ജി.പി പ്രവീൺ പറഞ്ഞു. പട്ടികവർഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വളരെ ഊർജസ്വലരായി അവർ തങ്ങളുടെ ജോലി നിർവഹിക്കുന്നതായും സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.

ശരംകുത്തിയിൽ സ്ഥാപിച്ച പ്ലാന്റിൽ നിന്നാണ് നീലിമല മുതൽ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റർ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീർഥാടനം പൂർത്തിയാക്കാനാകുമെന്നതാണ് കുടിവെള്ള വിതരണത്തിന്റെ ഏറ്റവും പ്രധാന നേട്ടം. പ്ലാസ്റ്റിക് കുപ്പികൾ മൂലമുണ്ടാകുന്ന മാലിന്യം പൂർണമായും ഇല്ലാതാക്കാനും ഇതുമൂലം സാധിച്ചിട്ടുണ്ട്.

അയ്യപ്പഭക്തർക്ക് കുടിവെള്ളത്തോടൊപ്പം ബിസ്‌കറ്റ് ലഭിക്കുന്നതും ആശ്വാസമാണ്. ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിലധികം ബിസ്‌കറ്റാണ് ഈ മണ്ഡലകാലത്ത് അയ്യപ്പൻമാർക്ക് നൽകിയത്. മകരവിളക്കുത്സവത്തിനായി നട തുറന്ന ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ മാത്രം 25 ലക്ഷത്തിലധികം ബിസ്‌കറ്റ് വിതരണം ചെയ്തതായി സ്‌പെഷൽ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *