ശബരിമല: സന്നിധാനത്ത് നാലരലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജോലിക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് ഇയാൾ ചോര ഛർദിച്ച് കുഴഞ്ഞു വീണു. സന്നിധാനം ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം പമ്പ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
സന്നിധാനത്ത് എൻഎസ്എസ് ബിൽഡിങ്സിന് സമീപം ശാസ്താഹോട്ടലിലെ ജീവനക്കാരൻകൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി പ്ലാവിൽ കിഴക്കേത്തൊടി ബിജു(51)വാണ് പിടിയിലായത്. നിലവിൽ ഇയാൾ ഓച്ചിറ മേമനയ്ക്ക് സമീപം നാടലയ്ക്കൽ വടക്കേതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാൾ ജോലി ചെയ്യുന്ന ഹോട്ടലിന് സമീപം നിന്ന് വൈകിട്ടാണ് മദ്യം കണ്ടെത്തിയത്. സന്നിധാനം സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ചോര ഛർദിക്കുകയായിരുന്നു. കരൾ രോഗം ഇയാൾക്കുളളതായി പറയപ്പെടുന്നു. സന്നിധാനം ആശുപത്രിയിൽ നിന്ന് തുടർ ചികിൽസയ്ക്കായി പമ്പയിലേക്ക് അയച്ചു.


