തോട്ടപ്പുഴശേരി പഞ്ചായത്തിൽ ജില്ലാ നേതൃത്വത്തെ ധിക്കരിച്ച് സിപിഎം അംഗങ്ങൾ : പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിൽ പുറത്ത്

Pathanamthitta Politics

പത്തനംതിട്ട: തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്. ജില്ലാ സെക്രട്ടറിയുടെ വിപ്പ് ലംഘിച്ച സിപിഎം അംഗങ്ങൾ യുഡിഎഫുമായി ചേർന്നാണ് അവിശ്വാസം പാസാക്കിയെടുത്തത്. പാർ്ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് സിപിഎം അംഗം തുറന്നടിച്ചു.

പ്രസിഡന്റ് സി.എസ്.ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിൻ റോയി എന്നിവരാണ് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടത്. 13 അംഗ തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് -അഞ്ച്, യു.ഡി.എഫ്-മൂന്ന്, ബി.ജെ.പി-മൂന്ന്്, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ്-സിപിഎം അംഗങ്ങൾ ഒന്നിച്ചതോടെ ഏഴു പേർ പ്രമേയത്തെ അനുകൂലിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ബിജെപി അംഗങ്ങ്‌ളും സിപിഎമ്മിലെ ഒരു അംഗവും അടക്കം ആറു പേർ വിട്ടു നിന്നു.

നേരത്തെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ സി.പി.എം പഞ്ചായത്തംഗങ്ങളോട് എതിർത്ത് വോട്ട് ചെയ്യാൻ സി.പി.എം ജില്ലാ സെക്രട്ടറി വിപ്പ് നൽകിയിരുന്നു. സി.പി.എം, കോൺഗ്രസ് അംഗങ്ങൾ ചേർന്നാണ് ഒരു പാർട്ടിയുടെയും ലേബലിൽ അല്ലാതെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായ ബിനോയിക്കും ഷെറിനുമെതിരേ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന ദിവസത്തിന് തലേന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.പി.എം അംഗങ്ങൾക്ക് വിപ്പിലൂടെ നൽകിയ നിർദേശം എതിർത്ത് വോട്ടു ചെയ്യണമെന്നായിരുന്നു.

എന്നാൽ എല്ലാ അംഗങ്ങളും വിപ്പ് ലംഘിച്ചു. ഇതിൽ പ്രമേയത്തെ പിന്തുണക്കാതിരുന്ന സി.പി.എം അംഗവും യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വിപ്പ് ലംഘിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രമേയ നോട്ടീസ് നൽകിയത് മുതൽ സി.പി.എം വിവിധ തലങ്ങളിൽ ആശയ വിനിമയം നടത്തിയിരുന്നു. ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന ഉന്നത തല യോഗത്തെ തുടർന്നാണ് പ്രമേയം പരാജയപ്പെടുത്താൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം എ. പദ്മകുമാർ, മൂൻ എം.എൽ.എ കെ.സി. രാജഗോപാൽ എന്നിവർ പങ്കെടുത്ത യോഗത്തിന്റേതായിരുന്നു തീരുമാനം. സി.പി.എം പഞ്ചായത്ത് അംഗങ്ങളെ വിളിച്ചു വരുത്തി നിർദേശം നൽകിയിരുന്നു. ഇടത് വിമതനായി വിജയിച്ച സി.എസ്. ബിനോയി കോൺഗ്രസ്, ബി.ജെ.പി പിന്തുണയിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷെറിനെ സി.പി.എമ്മും കോൺഗ്രസും പിന്തുണച്ചു.

ഇരുവരും സ്ഥാനമേറ്റതിന് ശേഷം ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു
കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും വിമർശനം. മേൽ കമ്മറ്റികളിൽ പല തവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അഞ്ച് സി.പി.എം അംഗങ്ങളിൽ നാല് പേർ മൂന്ന് കോൺഗ്രസ് അംഗങ്ങൾക്ക് ഒപ്പം ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
ഇന്നലെ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ നോട്ടീസ് നൽകിയിരുന്ന ഏഴു പേർ മാത്രമാണ് പങ്കെടുത്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും ബി.ജെ.പിയിലെ മൂന്നും ഒരു സി.പി.എം അംഗവും അടക്കം ആറു പേർ വിട്ടു നിന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിലാണ് ഇടത് സ്വതന്ത്രനായി ജയിച്ച സി.എസ്.ബിനോയിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.

ബി.ജെ.പി പിന്തുണയോടെ ബിനോയി പ്രസിഡന്റായി. കോൺഗ്രസ് സ്വതന്ത്രയായി വിജയിച്ച ഷെറിൻ റോയിക്ക് വൈസ് പ്രസിഡന്റായി എൽ.ഡി.എഫും പിന്തുണ നൽകി. ഇവർ ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് നാലു സി.പി.എം അംഗങ്ങൾ യു.ഡി.എഫിന് ഒപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുൻപ് രണ്ട് തവണ എൽ.ഡി.എഫ് നിലവിലെ ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ യു.ഡി.എഫുമായി ചേർന്നുള്ള അവിശ്വാസം പാർട്ടിയുടെ അനുവാദമില്ലാതെ നൽകിയതായതിനാലാണ് നേതൃത്വം എതിരായി വോട്ട് ചെയ്യാൻ വിപ്പ് നൽകിയത്. അഞ്ചിൽ നാല് അംഗങ്ങളും വിപ്പ് ലംഘിച്ചതോടെ സി.പി.എം നേതൃത്വം പ്രതിസന്ധിയിലായി. ബി.ജെ.പി-സി.പി.എം സഖ്യത്തിന്റെ തെളിവാണ് അവിശ്വാസം എതിർത്ത് വോട്ട് ചെയ്യാൻ സി.പി.എം നൽകിയ വിപ്പെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ രാമചന്ദ്രൻ നായർ ആരോപിച്ചു. പന്തളം നഗരസഭയിലേത് പോലെ ബി.ജെ.പി ക്കെതിരെ സി.പി.എം കൊണ്ടു വരുന്ന അവിശ്വാസം പിന്തുണയ്ക്കുമെന്ന യു.ഡി.എഫിന്റെ നിലപാട് ഇവിടെയും പിന്തുടരുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ സി.പി.എം പ്രവർത്തകർ തന്നെയാണെന്നും തങ്ങളുടെ ആവശ്യം പലവട്ടം പാർട്ടിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് ഇത്തരമൊരു നീക്കം വേണ്ടിവന്നതെന്നും ഏഴാം വാർഡിൽ നിന്നുള്ള സി.പി.എം മെമ്പർ റെൻസൻ കെ രാജൻ പറഞ്ഞു. താൻ പാർട്ടി കുടുംബത്തിലെ അംഗമാണെന്നും എന്നാൽ പാർട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയിലെത്തിച്ചതെന്നും റെൻസൻ ആരോപിച്ചു. അതേ സമയം പാർട്ടി വിപ്പ് ലംഘിച്ച നാല് അംഗങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *