വാർത്ത എഴുതിയതിന്റെ പേരിൽ ഹാജരായി മൊഴി നൽകാൻ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് : നടപടി ജനാധിപത്യ വിരുദ്ധം : കെ.യു.ഡബ്ല്യു.ജെ

Kerala Trivandrum

തിരുവനന്തപുരം: വാര്‍ത്തയുടെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള പൊലീസ് നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടു. കേരള പബ്ലിക് സര്‍വിസ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്‌വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വിവരം വാര്‍ത്തയായതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഡിവൈ.എസ്.പി ജി. ബിനു വാര്‍ത്ത നല്‍കിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകനോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു. ലേഖകന്റെ പേരും വിലാസവും ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരുകളും ഇ മെയില്‍ ഐഡികളും രേഖാമൂലം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും നോട്ടിസ് നല്‍കിയിരിക്കുകയാണ്. ഡാര്‍ക്ക് വെബില്‍നിന്ന് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ ഉദ്യോഗാര്‍ഥികളുടെ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചിരുന്നതായാണു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, വാര്‍ത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍ ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒ.ടി.പി സവിധാനം ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പി.എസ്.സി വിശദീകരണം. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമ്മിഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്. ഇതു സംബന്ധിച്ച് പി.എസ്.സി സെക്രട്ടറിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുന്ന വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അതിനാധാരമായ രേഖകള്‍ പുറത്തുവിടുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. ജനപക്ഷത്തു നിന്നു വാര്‍ത്ത ചെയ്യുകയെന്നത് മാധ്യമ ധര്‍മമാണ്. നൂറ്റാണ്ടുകളായി മാധ്യമങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന രീതിയും ഇതുതന്നെ. പൊലീസ് നടപടികളിലുടെ അതിനു തടയിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഒട്ടും ഭൂഷണമായ കാര്യമല്ല. ഹാക്കര്‍മാര്‍ വിവരം ചോര്‍ത്തിയെങ്കില്‍ അതിനു കാരണമായ സൈബര്‍ സുരക്ഷാപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണു പി.എസ്.സി ചെയ്യേണ്ടത്. അതിനു പകരം പൊലീസിനെ ഉപയോഗിച്ചു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ നടപടിയാണെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും കുറ്റപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *