അടൂർ: ഗതാഗത നിയമ ലംഘനം കാമറയിൽ പിടികൂടി പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്തപ്പോൾ ഉണ്ടായ പിശകിൽ ഉറച്ച് അടൂർ പൊലീസ്. നെല്ലിമുകളിൽ വാഹന പരിശോധന നടത്തുമ്പോൾ ഹെൽമറ്റില്ലാതെ കുടുംബത്തിനൊപ്പം സ്‌കൂട്ടറിൽ വന്ന അരുൺ എന്ന യുവാവിനാണ് പൊലീസ് പരിവാഹൻ സൈറ്റ് വഴി പിഴ അടയ്ക്കാനുള്ള ചെല്ലാൻ അടച്ചത്. ഇതിൽ സംഭവം നടന്ന സ്ഥലമായി കാണിച്ചിരുന്നത് പസഫിക് സമുദ്രത്തിൽ ജപ്പാനും റഷ്യയും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപാണ്. ഈ വാർത്ത ചർച്ചയായതോടെയാണ് പൊലീസ് നിലപാടുമായി രംഗത്ത് വന്നത്.
ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറയുന്നത്. ഇ-ചെല്ലാനിലുള്ള പെറ്റി അടയ്ക്കണമെന്ന് അടൂർ എസ്എച്ച്ഓയും പറയുന്നു. ചെല്ലാൻ തിരുത്താൻ നിർവാഹമില്ലെന്നും പെറ്റി അടച്ചേ മതിയാകൂവെന്നും ട്രാഫിക് എസ്‌ഐയും അറിയിച്ചു. താൻ പെറ്റി അടക്കാൻ തയാറാണ് എന്നാണ് വാഹനം ഉടമ അരുൺ പറയുന്നത്. പക്ഷേ, അത് കൃത്യമായ സംഭവ സ്ഥലം പറഞ്ഞ് വീണ്ടും ചെല്ലാൻ തന്നെങ്കിൽ മാത്രമേ അടയ്ക്കൂ. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കും. പ്രശ്‌നത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണ്. ഗതാഗത നിയമലംഘനം പോലുള്ള വിഷയം കൈകാര്യം ചെയ്യുമ്പോൾ പൊലീസ് ശ്രദ്ധിക്കണം. താൻ ഹെൽമറ്റില്ലാതെ വന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നെല്ലിമുകൾ വഴിയാണ്. കുറിൽ ദ്വീപിലൂടെയല്ല. സംഭവ സ്ഥലം ഏതെന്ന് നോക്കി വേണമായിരുന്നു ചെല്ലാൻ അടയ്ക്കാൻ. അത് തിരുത്തില്ലെന്ന പൊലീസിന്റെ പിടിവാശി കോടതിയിൽ ചോദ്യം ചെയ്യും. നിരവധി പേർക്ക് ഈ രീതിയിൽ പെറ്റി പല സ്ഥലത്തും ലഭിക്കുന്നുണ്ടെന്നും അരുൺ പറഞ്ഞു.
ഏപ്രിൽ 11 ന് വൈകിട്ടാണ് അരുണിന് രജിസ്‌ട്രേഡ് മൊബൈലിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക് 500 രൂപ പെറ്റി അടയ്ക്കാൻ സന്ദേശം വന്നത്. അതിനൊപ്പമുള്ള ലിങ്കിൽ കയറി ചെല്ലാൻ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സ്ഥലവും സമയവും തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്.
ചിത്രമെടുത്ത എസ്‌ഐ അപ്‌ലോഡ് ചെയ്യുന്ന വഴി ജിപിഎസിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് പ്ലേസ് ഓഫ് ഇൻസിഡന്റ് മാറാൻ കാരണമായത്. ജിപിഎസ് ഓൺ ചെയ്യാതെയാകണം ചിത്രമെടുത്തത്. ഇതിന് ഉപയോഗിച്ച ഉപകരണം നിർമിച്ച സ്ഥലം തന്നെയാകും അപ്പോൾ പ്ലേസ് ആയി കാണിക്കുക. ഏതു രീതിയിലും പെറ്റി ഈടാക്കാനുള്ള നിർദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമ ലംഘനം സിവിലിയന്മാർക്കും ചൂണ്ടിക്കാണിക്കാം. ചിത്രങ്ങൾ എടുത്ത് അപ്‌ലോഡ് ചെയ്യുന്നതിന് പൊലീസും മോട്ടോർ വാഹന വകുപ്പും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ചിത്രം കിട്ടിയാൽ അപ്പോൾ തന്നെ വാഹനത്തിന്റെ നമ്പർ നോക്കി ഉടമയ്ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കുന്ന സംവിധാനമാണിത്. ഇതിന് പുറമേയാണ് ചിത്രമെടുക്കാനുള്ള കാമറ പൊലീസിനും ട്രാഫിക് പൊലീസ് യൂണിറ്റുകൾക്കും കൈമാറിയിട്ടുള്ളത്.
സംഭവത്തിൽ പൊലീസ് പറയുന്നത് മുഴൂവൻ പച്ചക്കള്ളമെന്ന് സ്‌കൂട്ടർ യാത്രക്കാരനും മാധ്യമ പ്രവർത്തകനുമായ അരുൺ നെല്ലിമുകൾ. ചിത്രം അടൂർ ടൗണിൽ വച്ച് അടൂർ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ പകർത്തിയതാണെന്നായിരുന്നു അടൂർ ട്രാഫിക് പൊലീസ് എസ്‌ഐ അജി പറഞ്ഞിരുന്നത്. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് അരുൺ പറയുന്നു. ഏപ്രിൽ 11 ന് വൈകിട്ട് 4.31 നാണ് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തിരിക്കുന്ന ചിത്രം പതിഞ്ഞിരിക്കുന്നത് എന്നാണ് ചെല്ലാനിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ അതു വഴി പോയത് 3.20 നാണ്. ഈ സമയം ഭാര്യയും ഇളയ കുഞ്ഞുമായിട്ടാണ് നെല്ലിമുകൾ കേരളാ ബാങ്കിൽ പോയത്. ഉടൻ തന്നെ തിരിച്ചു വരികയും ചെയ്തു. ഏനാത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ചുള്ള ചിത്രമാണ് അത്.
തനിക്കിട്ട് പെറ്റി അഅടിക്കാനുള്ള വ്യഗ്രതയിൽ സ്ഥലമേതെന്ന് പൊലീസ് നോക്കിയില്ല. സമയവും തെറ്റാണ്. സാധാരണ ഇങ്ങനെ കിട്ടുന്ന പെറ്റി അപ്പോൾ തന്നെ ആൾക്കാർ ഓൺലൈൻ വഴിയോ നേരിട്ടോ കൊണ്ട് അടയ്ക്കുകയാണ് പതിവ്. ചെല്ലാൻ രസീത് അരിച്ചു പെറുക്കി നോക്കുമ്പോഴാണ് പ്ലേസ് ഓഫ് ഇൻസിഡന്റ് കുറിൽ ഐലൻഡ് ആണെന്ന് കണ്ടത്. ഇതേത് സ്ഥലമെന്ന് കൺഫ്യൂഷൻ അടിച്ചാണ് ഗൂഗിളിൽ സേർച്ച് ചെയ്തത്. അപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹമാണെന്നും അതിന്മേൽ റഷ്യയും ജപ്പാനും അവകാശ തർക്കം ഉണ്ടെന്നും മനസിലാക്കുന്നത്. എന്തായാലും ഈ പെറ്റി താൻ അടയ്ക്കില്ലെന്ന് അരുൺ പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

