തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പതിനേഴുകാരിയെ ഫോണിൽ വിളിച്ചു വരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം.എസ്.അഭിഷേക് (18) ആണ് പിടിയിലായത്. നവംബർ രണ്ട് മുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടാം തിയതി എത്തിച്ച് മൂന്നിനും പിന്നീട് 20 ന് വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെയും ബലാൽസംഗത്തിന് വിധേയയാക്കി. കൊല്ലം ശിശുക്ഷേമസമിതിയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജയ കുട്ടിയെ പാർപ്പിച്ചിരുന്ന ചിൽഡ്രൻസ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതിയെ മത്തിമലയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


