ആലപ്പുഴ: ഡിവൈ.എസ്.പി എം.ആർ. മധുബാബുവിനെ കസ്റ്റഡി മർദനക്കേസിൽ കോടതി തടവിനും 500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. ചേർത്തല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2006ൽ എസ്‌ഐയായിരിക്കെ നടത്തിയ കസ്റ്റഡി മർദനത്തിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചിരിക്കുന്നത്. രണ്ട് വകുപ്പുകളിലായി ഒരോ മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.
2006 ൽ ചേർത്തല എസ്‌ഐ ആയിരിക്കെ സിദ്ധാർഥ് എന്ന യുവാവിനെയാണ് മധുബാബു മർദിച്ചത്. വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത സിദ്ധാർഥിനെ ജീപ്പിനുള്ളിൽ വച്ച് നഗ്‌നനാക്കി മർദിച്ചു. സ്‌റ്റേഷനിൽ എത്തിച്ചും മർദനം തുടർന്നു. ജാമ്യത്തിൽ എടുക്കാൻ എത്തിയ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലിട്ടും മർദിച്ചു. ചെകിട്ടത്ത് ഏറ്റ അടിയിൽ സിദ്ധാർഥിന്റെ കർണ്ണപുടം പൊട്ടിപ്പോവുകയും ചെയ്തു. സിദ്ധാർഥ് അടക്കമുളള നാട്ടുകാർ പ്രദേശത്തെ ചകിരി ഫാക്ടറിയിൽ നിന്നും കായലിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ സമരം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചകിരി ഫാക്ടറി മുതലാളിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് മർദനത്തിൽ കലാശിച്ചത് എന്നാണ് പരാതി.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ സിദ്ധാർഥ് നീതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന് അനുമതിയില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് രക്ഷപ്പെടാൻ അടക്കമുളള നീക്കങ്ങൾ മധുബാബു നടത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് സിദ്ധാർഥ് നീതി നേടിയിരിക്കുന്നത്. സിദ്ധാർഥിനെ ചികിത്സിച്ച ഡോക്ടമാരടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ചു. അഡ്വ: ജോൺ ജൂഡ് ഐസക്കാണ് സിദ്ധാർഥിനായി ഹാജരായത്.
കസ്റ്റഡി മർദനം അടക്കം നിരവധി കേസുകളിൽ ഡിവൈ.എസ്.പി മധുബാബു ആരോപണ വിധേയനാണ്. മറ്റൊരു കസ്റ്റഡി മർദ്ദനക്കേസിലും ആലപ്പുഴ കോടതി ശിക്ഷിച്ചിരുന്നു. വിജലൻസ് കേസും നിലവിലുണ്ട്. പത്തനംതിട്ട ഇൻസ്‌പെക്ടർ ആയിരിക്കെ കരിക്കിനേത്ത് കൊലപാതക്കേസിൽ അന്വേഷണം ആട്ടിമറിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിവൈ.എസ്.പി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയിരുന്നു. കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി ഡിവൈ.എസ്.പിയായി തുടരുകയാണ്. ലോ ആന്റ് ഓഡർ ഡ്യൂട്ടിയിൽ നിയമിക്കരുതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിരുന്നതിനാൽ 2014 മുതൽ 2022 വരെ ഇയാളെ മാറ്റി നിർത്തിയിരുന്നു. പിന്നീട് 2022ൽ തൊടുപുഴ ഡിവൈഎസ്പിയായി നിയമിച്ചപ്പോഴും ഒരു കസ്റ്റഡി മർദനക്കേസിലും വിജിലൻസ് കേസിലും ഉൾപ്പെടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിൽ എസ്എഫ്‌ഐ നേതാവ് തണ്ണിത്തോട് സ്വദേശി ജയകൃഷ്ണനെ കോന്നി സി.ഐ ആയിരിക്കുമ്പോൾ മധുബാബു മാരകമായി മർദിച്ചിരുന്നു. ഇതിനെതിരേ ജയകൃഷ്ണൻ നൽകിയ കേസും കോടതിയിൽ വിചാരണയിലാണ്.


