മുൻ ഭർത്താവിന്റെ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റുകളും മറ്റും എടുക്കാൻ ചെന്നപ്പോൾ യുവതിക്കും അനിയനും മർദ്ദനം

Crime

മല്ലപ്പള്ളി: വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധം മൂലം യുവതിയേയും പ്രായപൂർത്തിയാകാത്ത സഹോദരനെയും മർദ്ദിച്ച കേസിൽ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലിക്കാത്തകിടി പൂങ്കോട്ടമണ്ണിൽ വീട്ടിൽ നിന്നും, ഏലിയാസ് കവലയ്ക്ക് സമീപം താഴത്തെക്കൂടത്തിൽ വീട്ടിൽ ബീന വിൽസന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബി ആർ രാഹുൽ (29) ആണ് കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി ഈസ്റ്റ് ചേർത്തോട് പുളിഞ്ചിമൂട്ടിൽ ആൽവി എബ്രഹാമി(23)നും 17 വയസ്സുള്ള സഹോദരനുമാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ഒന്നിന് വൈകിട്ട് അഞ്ചിനാണ് സംഭവം. ഭർത്താവിന്റെ ദുർനടപ്പ് കാരണം വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്താലാണ് രാഹുൽ ഇരുവരെയും ദേഹോപദ്രവം ഏൽപ്പിച്ചത്. ആൽവിയ തന്റെ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുക്കാൻ വേണ്ടി സഹോദരനെയും കൂട്ടി രാഹുലും മറ്റും താമസിക്കുന്ന വീട്ടിൽ വൈകുന്നേരം എത്തി. എന്നാൽ അവ എടുത്തു കൊണ്ടു പോകാൻ അനുവദിക്കാതെ ഇരുവരെയും തടഞ്ഞുനിർത്തിയ രാഹുൽ യുവതിയുടെ അനുജനെ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ളുകയും, അടിക്കുകയും മുറ്റത്തിരുന്ന ചെടിച്ചട്ടിയെടുത്ത് എറിഞ്ഞ് കയ്യിലും വയറിലും പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. രണ്ടാം പ്രതി രാഹുലിന്റെ അച്ഛൻ രഘുനാഥൻ നായർ പട്ടിക കഷണം കൊണ്ട് അലന്റെ തലയ്ക്കു അടിച്ചു ബോധം കെടുത്തി. രാഹുൽ കയ്യിലിരുന്ന മൊബൈൽ ഫോൺ കൊണ്ട് ആൽവിയയുടെ തലയ്ക്കും നടുവിനും പുറത്തും അടിച്ചു.

ആൽവിയ വിവരം വീട്ടിൽ വിളിച്ച് അറിയിച്ചതിന് രാഹുൽ ഫോൺ പിടിച്ചു വാങ്ങി തറയിൽ എറിഞ്ഞുടച്ചതിൽ 5000 രൂപയുടെ നഷ്ടം സംഭവിച്ചു. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച കീഴ്‌വായ്പ്പൂർ പോലീസ് സംഭവ ദിവസം രണ്ടാം പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുൽ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *