തിരുവനന്തപുരം – കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലർഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ( ഷോറൂം, സർവീസ് സെന്റർ ) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. നോർക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദർശിച്ച് 2024 ഡിസംബർ 16 നകം അപേക്ഷ നൽകാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
രണ്ടുവർഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. ജനറൽ മാനേജർ തസ്തികയിൽ 15 വർഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകൾക്ക് 10 വർഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.


