ആലപ്പുഴയിൽ ജി സുധാകരൻ എന്നപോലെ പത്തനംതിട്ട ജില്ലയിൽ അഡ്വ. കെ. അനന്തഗോപൻ ; സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ മാറ്റി നിർത്തൽ ചർച്ചയാകുമ്പോൾ

Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല: സിപിഎമ്മിലും പ്രായപരിധി ബാധകമോ ? മുതിർന്ന നേതാവ് ജി. സുധാകരനെ ആലപ്പുഴയിൽ മാറ്റി നിർത്തിയതിന് സമാനമായി പത്തനംതിട്ട ജില്ലയിൽ സി.പി.എം ഒതുക്കിയത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനെ. മൂന്ന് പ്രാവശ്യം ജില്ലാ സെക്രട്ടറിയായിരുന്നയാളാണ് കെ. അനന്തഗോപൻ. ഇരവിപേരൂർ ഏരിയ കമ്മറ്റിയിൽ പെട്ട അദ്ദേഹത്തെ അവിടുത്തെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞമാസം 16 മുതൽ 18 വരെ നടന്ന ഏരിയ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് പ്രതിനിധികൾ ചോദ്യം ഉന്നയിച്ചെങ്കിലും പ്രായാധിക്യമാണ് കാരണമെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വിശദീകരിച്ചത്.

എന്നാൽ പൊതുസമ്മേളനത്തിൽപ്പോലും അനന്തഗോപനെ ക്ഷണിച്ചില്ലെന്നതാണ് വാസ്തവം. പി. ജയരാജനാണ് പൊതു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത്. അനന്തഗോപന് പ്രായാധിക്യം എന്ന് ന്യായം പറയുമ്പോഴും ഇപ്പോഴും അദ്ദേഹം പാർട്ടിയുടെ മറ്റ് പരിപാടികളിൽ ക്ഷണിച്ചാൽ പങ്കെടുക്കാറുണ്ടെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയാണ്. ഇരവിപേരൂർ ഏരിയ സമ്മേളനത്തിൽ മന്ത്രി വീണ ജോർജിനെതിരെ ഉൾപ്പെടെ വിമർശനം ഉയരുമെന്ന് മുൻകൂട്ടി കണ്ട് വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിനിധികൾ യാന്ത്രികമായ ചർച്ചകളിൽ പങ്കെടുത്ത് സമ്മേളനം പൂർത്തിയാക്കുകയാണ് ചെയ്തത്. ലോക്കൽ സമ്മേളനത്തിൽ പരാജയപ്പെട്ട ആളെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അടക്കം പല തരത്തിലുള്ള തർക്കങ്ങൾ ഏരിയ കമ്മിറ്റിയിൽ നീറിപ്പുകയുകയാണ്. ജില്ലാ സെക്രട്ടറി ഇടപെട്ട് മത്സരം ഒഴിവാക്കി സമ്മേളനം ഒരുവിധം പൂർത്തിയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *