കോഴഞ്ചേരി – മാരാമൺ റിട്രീറ്റ് സെന്ററിനടുത്തുള്ള മുക്രണത്തുകടവ്, ചെപ്പള്ളിക്കടവ് എന്നിവിടങ്ങളിൽ റോഡിന് വീതികൂട്ടുന്ന തരത്തിൽ പമ്പാനദിയിലേക്കിറക്കി സംരക്ഷണഭിത്തി കെട്ടുന്ന പണികൾ നിർത്തിവെക്കണമെന്ന് ആറന്മുള പള്ളിയോട സേവാസംഘം പൊതുയോഗം ആവശ്യപ്പെട്ടു. മേജർ ഇറിഗേഷൻ ഡിവിഷനിൽനിന്നാണ് ഈ ജോലികൾ നടത്തുന്നത്. നദിയിലേക്ക് ഇറക്കി സംരക്ഷണഭിത്തികെട്ടുകയും അതിന് ഉറപ്പുനൽകുന്നതിന് നദിയിൽ കല്ലുകൾ അടുക്കി മണ്ണിടുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളി തിരുവോണത്തോണി വരവ്, വള്ളസദ്യകൾ എന്നീ ചടങ്ങുകൾക്ക് ആറന്മുളയിലേക്ക് വരുകയും തിരികെ പോകുകയും ചെയ്യേണ്ടതായ പള്ളിയോടങ്ങളുടെ സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് ഈ കൽക്കെട്ടുകൾ ഗുരുതരമായ ഭീഷണി ഉയർത്തും എന്നും പള്ളിയോട സേവാ സംഘം ഓർമ്മപ്പെടുത്തി.

ഇതിനെത്തുടർന്ന് പാലത്തിന് സമീപം കൺവൻഷൻ നടക്കുന്ന മണൽപ്പുരത്തിനു എതിർവശത്ത് ആറ്റിലേക്ക് ഇറക്കി നടത്തുന്ന അനധികൃത നിർമ്മാണം ഇന്ന് മുതൽ പൊളിച്ചു മാറ്റുമെന്ന് ഉദ്യോഗസ്ഥർ പള്ളിയോട സേവാ സംഘത്തെ അറിയിച്ചു. പള്ളിയോട സേവാസംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് അനധികൃത നിർമ്മാണം ഇന്ന് മുതൽ പൊളിച്ചു മാറ്റുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകിയത്.
ജില്ല കളക്ടർ, മേജർ ഇറിഗേഷൻ അസി. എൻജിനീയർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർക്ക് രേഖാമൂലം സേവാസംഘം പരാതി നൽകി. തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് എന്നിവർക്കും സേവാ സംഘം പൊതുയോഗം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർക്കും നിവേദനം നൽകിയതായി സേവാസംഘം ഭാരവാഹികളായ കെ.വി.സാംബദേവൻ, പ്രസാദ് ആനന്ദഭവൻ, രമേശ് മാലിമേൽ, കെ.എസ്.സുരേഷ്, അജയ് ഗോപിനാഥ് തുടങ്ങിയവർ അറിയിച്ചു.


