തിരുവല്ല : ലോക ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണം വിവിധ പരിപാടികളോടെ ബിലീവേഴ്സ് ആശുപത്രിയിൽ സംഘടിപ്പിക്കപ്പെട്ടു. ആൻറിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുവാനായാണ് എല്ലാവർഷവും ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നവംബർ 18 മുതൽ 24 വരെയുള്ള തീയതികളിലായാണ് ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരമായി ആചരിച്ചുവരുന്നത്. ബിലീവേഴ്സ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ഫാർമസി വിഭാഗത്തിന്റെയും സാംക്രമികരോഗ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രസ്തുത വാരാചരണം നടന്നത്. ആൻറിബയോട്ടിക് പ്രതിരോധത്തെപ്പറ്റി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ മെറീന തോമസും സാംക്രമികരോഗ വിഭാഗം കൺസൾട്ടൻ്റ് ഡോ ഇംതിയാസ് ഷെരീഫും അവബോധ ക്ലാസ്സുകൾ നടത്തി. ആന്റിബോയോട്ടിക്കുകൾ നിരുത്തരവാദപരമായി ഉപയോഗിക്കുന്നതിന്റെ ഫലമായി ഭാവിയിൽ അവയോട് ശരീരം പ്രതിരോധം തീർക്കുവാനും അതുവഴി ചികിത്സ ഫലപ്രദമാകാതെ രോഗം മൂർച്ഛിക്കുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ടെന്നും കാണിച്ചുകൊണ്ട് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം തെരുവ് നാടകം നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന തെരുവ് നാടകത്തിൽ നസ്രേത്ത് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. രോഗികൾക്കും പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും പങ്കെടുക്കാവുന്ന ക്വിസ് , റീൽ മത്സരങ്ങൾ , ലക്കി ഡ്രോ എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു. വാരാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ആശുപത്രി ഫാർമസിയിലൂടെ രോഗികൾക്ക് ആൻ്റിബയോട്ടിക്കുകൾ ഇനി മുതൽ നീല കവറുകളിൽ നൽകുവാനുള്ള തീരുമാനം നടപ്പിലാക്കി.

വാരാചരണത്തിന്റെ സമാപനച്ചടങ്ങിൽ അസ്സോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ ഡോ രേണു മാത്യു, ജനറൽ മെഡിസിൻ വിഭാഗം സീനിയർ പ്രൊഫസർ ഡോ ജെൻസി മരിയ കോശി , മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ റീന ആനി ജോസ്, ഫാർമസി വിഭാഗം മേധാവി ശ്രീ ബിജു തോമസ് എന്നിവർ പങ്കെടുത്തു. വിവിധ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.


