തിരുവല്ല: ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി എക്‌സൈസിന്റെ പിടിയിലായി. ആസാം സ്വദേശി ചെയ്ബുർ റഹ്മാൻ (32) ആണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവല്ല ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടിയിലായത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ നാസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്നും 700 മില്ലിഗ്രാം ബ്രൗൺഷുഗറും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി. അജയകുമാർ, പ്രിവന്റീവ് വിജയദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, റഫീഖ്, ഷീജ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. റെയിൽവേ സ്‌റ്റേഷൻ അടക്കം അന്യസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന സ്ഥലങ്ങൾ എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതി കുറെ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടിൽ പോയി അവിടെ നിന്നും സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിൻ മാർഗ്ഗം എത്തിബസ്സിൽ കയറാൻ കാത്തു നിൽക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


