പത്തനംതിട്ട – 2024-2025 വർഷത്തെ ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ച് രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരെയും അഞ്ഞൂറിലധികം സിവിൽ ഡിഫെൻസ് – ആപതാമിത്ര വോളന്റിയർമാരെയും നിയോഗിക്കുന്നതാണ്. തീർത്ഥാടനത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ, പള്ളിയറക്കാവ്, പ്ലാപ്പള്ളി, പന്തളം, എരുമേലി, കാളകെട്ടി എന്നിങ്ങനെ എട്ട് സ്ഥലങ്ങളിൽ അഗ്നിരക്ഷാവകുപ്പ് താത്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.
ഇതിൽ സന്നിധാനത്ത് എട്ടും പമ്പയിൽ ആറും നിലയ്ക്കലിൽ രണ്ടും മറ്റിടങ്ങളിൽ ഒന്ന് വീതവും ഫയർ പോയിന്റുകൾ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ അയ്യപ്പ ഭക്തർ കുളിക്കാൻ ഇറങ്ങുന്നതും ജലാശയ അപകടങ്ങൾക്കു സാദ്ധ്യത ഉണ്ടെന്നു വിലയിരുത്തപ്പെടുന്നതുമായ 9 സ്നാനക്കടവുകളിൽ ഓരോന്നിലും രണ്ട പേർ വീതം ആകെ 18 സ്‌ക്യൂബാ ഡൈവർമാരുടെ സേവനം ഇക്കാലയളവിൽ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. മണ്ഡലകാലത്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതുമായി പമ്പയിലും സന്നിധാനത്തും ഓരോ ജില്ലാ ഫയർ ഓഫീസർമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
ശബരിമല മണ്ഡലകാല മകരവിളക്കിനോടനുബന്ധിച്ചുള്ള അഗ്നിരക്ഷാസേനയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ, സന്നിധാനം പോയിന്റുകളുടെ പ്രവർത്തന ഉദ്ഘാടനം ബഹു. അഗ്നിരക്ഷാസേന മേധാവി DGP ശ്രീ കെ പദ്മകുമാർ IP S അവറുകൾ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്തിന്റെ സാനിദ്ധ്യത്തിൽ നിർവഹിച്ചു.
പത്തുദിവസം വീതം 6 ഫേസ് ആയിട്ടാണ് ജീവനക്കാരെ വിവിധ പോയിന്റുകളിൽ വിന്യസിക്കുന്നത്. താത്കാലിക ഫയർ സ്റ്റേഷനുകളിലും അതിനോട് അനുബന്ധിച്ചുള്ള ഫയർ പോയിന്റുകളിലുമായി ഫയർ എൻജിൻ, ആംബുലൻസ്, വാട്ടർ ലോറി, വാട്ടർ മിസ്ററ് സൗകര്യമുള്ള മോട്ടോർ ബൈക്ക്, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന എഴുപതോളം വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്ക് പുറമെ ഹോട്ടലുകളിലും എൽപിജി ഉപയോഗിക്കുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്ക് ബോധവത്കരണവും പ്രാഥമിക പരിശീലനം നൽകുന്നതിനും, കെട്ടിടങ്ങളിലും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലും ഫയർ ഓഡിറ്റ് നടത്തി അപായസാധ്യതകൾ മുൻകൂട്ടി കണ്ടു അവ ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും അഗ്നിരക്ഷാ വകുപ്പ് മുൻകൈ എടുക്കുന്നുണ്ട്.
ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിക്കേഷൻ പ്രവർത്തനം സുഗമമാക്കുന്നതിനായി റിപ്പീറ്റർ ഉൾപ്പെടെയുള്ള ട്രൂപ്പ് ക്യാരിയർ, വോക്കി ടോക്കി സംവിധാനം പമ്പയിലും സന്നിധാനത്തും അഗ്നിശമനരക്ഷാപ്രവർത്തന ഡ്യൂട്ടിക്കായി ക്രമീകരിച്ചിട്ടുണ്ട്.


