പത്തനംതിട്ട – കുമ്പഴയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ പ്രതി ബാലികയോട് കാട്ടിയത് മൃഗങ്ങൾ പോലും ചെയ്യാനറയ്ക്കുന്ന കാടത്തം. ഈ കേസിൽ പ്രതിയായ രണ്ടാനച്ഛന് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി-ഒന്ന് (പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോൺ വധശിക്ഷ വിധിച്ചിരുന്നു. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് തെരുവിൽ ഡോർ നമ്ബർ 01/129 ൽ അലക്സ് പാണ്ട്യൻ (26) നെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞിരുന്നു.
2021 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അന്ന് മൂന്നോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടു സ്ത്രീകൾ ചേർന്ന് കൊണ്ടുവന്ന കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ മരണപ്പെട്ടതായി കണ്ടെത്തി. ഡോക്ടർ ഉടൻ തന്നെ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ 67 മുറിവുകൾ ഉണ്ടായിരുന്നു. ഇവ കത്തികൊണ്ട് വരഞ്ഞതും ചോറുവിളമ്ബുന്ന തവി കൊണ്ട് കുത്തിയതും അടിച്ചതും കാരണമായി സംഭവിച്ചതാണെന്ന് തെളിഞ്ഞു. മൃഗീയവും ക്രൂരവുമായ മർദനവും ലൈംഗിക പീഡനവുമാണ് കുട്ടി അനുഭവിച്ചത്. തന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കാരണമായി.
കുട്ടി മാരകമായി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചു. രഹസ്യ ഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗിക പീഡനത്തിന്റെ ഫലമായാണ് സംഭവിച്ചതെന്നും അഭിപ്രായപ്പെട്ടു.
കൂടുതൽ അന്വേഷണത്തിൽ കുട്ടിയെ ലഹരിക്കടിമയായ പ്രതി തമിഴ്നാട്ടിൽ വച്ചും കൊലപ്പെടുത്തുവാൻ ശ്രമിച്ചതായി പോലീസ് സംഘം കണ്ടെത്തി. വിരുതുനഗർ ജില്ലയിൽ തെങ്കാശി പരുവക്കുടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ വച്ച് ഒരിക്കൽ കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റു. വലത് നെറ്റിയിൽ ഗുരുതരമായ പരുക്കും സംഭവിച്ചു. രാജപാളയം ആശുപത്രിയിൽ എത്തിച്ചപ്പോൾ, ഡോക്ടർമാരോട് ഇയാൾ പറഞ്ഞത് കളിക്കിടയിൽ വീണു പരുക്കേറ്റു എന്നായിരുന്നു. പരുക്ക് ഗുരുതരമായതിനാൽ തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കുട്ടിയെ കുമ്പഴയിലെത്തിച്ച് ഇവർക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. ഇവിടെ താമസിക്കുന്നതിനിടെ ലഹരിവസ്തുക്കൾക്ക് അടിമയായ പ്രതി പലവിധത്തിലുള്ള മർദനങ്ങൾ തുടർന്നു. സംഭവദിവസം 2.50 ന് മുമ്ബുള്ള സമയം വരെ ഇവിടെ വച്ച് പലതവണ കുട്ടിയെ ശാരീരികമായും ലൈംഗികമായും അതിക്രൂരമായ വിധത്തിൽ പീഡിപ്പിച്ചു. അന്നുതന്നെ പലതവണ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. ഗുഹ്യഭാഗത്ത് മുറിവുകൾ ഉണ്ടാക്കി. സമാനതകളില്ലാത്ത ലൈംഗികവൈകൃതങ്ങളാണ് കുട്ടിയോട് ഇയാൾ കാട്ടിയത്. കൂടാതെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ചതു കാരണം തലയുടെ പിന്നിൽ ഗുരുതരമായ പരുക്കുകളുമുണ്ടായി. മുഖത്തും നാഭിക്കും തൊഴിച്ചു. ഇടതുവശത്തെ രണ്ടു വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായി. വൃക്കകൾക്കും ക്ഷതമേറ്റു. ശരീരമാസകലമേറ്റ പരുക്കുകളുടെ കാഠിന്യത്താൽ മരണം സംഭവിക്കുകയായിരുന്നു.
തമിഴ്നാട് രാജപാളയം സ്വദേശികളായ അലക്സ് പാണ്ട്യനും കനകയും തൊഴിൽ തേടിയാണ് കുമ്ബഴയിലെത്തിയത്. ഇവിടെ വാടകവീട്ടിൽ താമസമാക്കിയ ശേഷമാണ് കനകയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളിൽ മൂത്ത കുട്ടിയെ കൊണ്ടുവന്നത്. ആദ്യ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. കനക അടുത്ത വീടുകളിൽ ജോലിക്കു പോകാറുണ്ട്. ഈ സമയത്ത് മകളെ അലക്സിനെ ഏൽപ്പിക്കാറാണ് പതിവ്. സംഭവ ദിവസവും ഇപ്രകാരം ഇയാളെ ഏൽപ്പിച്ചിട്ട് ജോലിക്കുപോയി തിരിച്ചുവന്നപ്പോൾ കണ്ടത് ദേഹമാകെ മുറിവേറ്റ് അബോധാവസ്ഥയിലായ കുട്ടിയെയായിരുന്നു. അലക്‌സിനോട് ചോദിച്ചപ്പോൾ മർദനമായിരുന്നു മറുപടി. തുടർന്ന് അയൽവാസികളോട് വിവരം പറയുകയും അവരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തന്റെയും കനകയുടെയും ജീവിതത്തിൽ നിന്നും കുഞ്ഞിനെ ഒഴിവാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം.
ജനറൽ ആശുപത്രിയിൽ നിന്നും സംഭവദിവസം വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്റ്റേഷനിൽ ഇന്റിമേഷൻ ലഭിക്കുന്നത്. തുടർന്ന് എസ് എച്ച് ഒ ആയിരുന്ന ഇൻസ്പെക്ടർ ബിനീഷ് ലാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡി വൈ എസ് പി. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയായി സംശയം പറഞ്ഞ അലക്സ് പാണ്ഡ്യനെ കസ്റ്റഡിയിൽ എടുത്ത് പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ചു. പത്തനംതിട്ട കുലശേഖരപ്പേട്ടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കുട്ടിയുടെ മാതാവിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ കുറ്റമറ്റ അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായിരുന്നു. സ്ഥിരമായി ഇയാൾ കുട്ടിയെ മർദിക്കുമായിരുന്നെന്ന് അവർ വെളിപ്പെടുത്തി. കത്തികളും തവിയും മറ്റും ഉടനടി പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴിയും രേഖപ്പെടുത്തി.
തമിഴ്നാട്ടിലെ ഇയാളുടെ താമസസ്ഥലത്തും കുട്ടിയെ മാരകമായി മർദിച്ച് പരുക്കേൽപ്പിച്ച ഫാമിലും എത്തി പത്തനംതിട്ട പോലീസ് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഇയാളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന മാറനേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടാം പ്രതിയാണെന്നും കണ്ടെത്തിയിരുന്നു. കനകയെ കാണാതായതിന് കുട്ടിയുടെ പിതാവ് താമസ സ്ഥലത്തെ സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അലക്സിനൊപ്പം പോയതായി കണ്ടെത്തി.
കൃത്യമായ ആസൂത്രണത്തോടെ പഴുതടച്ച് അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി, ബിനീഷ് ലാൽ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വ. നവീൻ എം ഈശോയെ നിയമിച്ച് ഉത്തരവായി. വിചാരണ സമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികൾ നൽകിയതും സാഹചര്യ തെളിവുകളും പ്രോസിക്യൂഷന് സഹായകമായി. തല, നെഞ്ച്, വയർ എന്നിവിടങ്ങളിലേറ്റ ഗുരുതരമായ പരുക്കുകൾ മരണത്തിന് കാരണമായതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. ഡി എൻ എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ബലമേകി.
പ്രത്യേക അന്വേഷണ സംഘത്തെ പത്തനംതിട്ട ഡി വൈ എസ് പി ആയിരുന്ന പ്രദീപ് കുമാറാണ് നയിച്ചത്. പത്തനംതിട്ട എസ് എച്ച് ഒ. കെ വി ബിനിഷ്ലാൽ, മലയാലപ്പുഴ എസ് എച്ച് ഒ. മനോജ് കുമാർ, വുമൺ സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ് ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജൻ, സന്തോഷ്, എ എസ് ഐമാരായ സന്തോഷ്, ആൻസി, സി പി ഒ. അരുൺ ദേവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേസ് അന്വേഷിച്ച എസ്.ഐ. എസ്.സവിരാജ്, എസ്.എച്ച്.ഒ. കെ.വി.ബിനീഷ് ലാൽ എന്നിവർ.
പിടികൂടിയ രാത്രിയിൽ തന്നെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് നടത്തിയ തിരച്ചിലിൽ കുമ്ബഴ തുണ്ടുമൺ കരയിൽ നിന്നും പുലർച്ചെ ആറോടെ പിടികൂടി. വിചാരണയ്ക്കിടെ ഒരുതവണ പ്രതി കോടതിവളപ്പിൽ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.


