പത്തനംതിട്ട – സംസ്ഥാന സാംസ്കാരിക വകുപ്പിൻറെ ഗ്രാമീണ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി അയിരൂർ കഥകളി ഗ്രാമത്തിൽ കഥകളിക്കോപ്പ് നിർമ്മാണ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. ആറന്മുള വാസ്തു വിദ്യാ ഗുരുകുലമാണ് പദ്ധതിയുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത്. കഥകളിക്കോപ്പ് നിർമ്മാണ സഹായക സംഘം എന്ന പേരിൽ പതിനഞ്ച് അംഗങ്ങളുള്ള ഒരു യൂണിറ്റ് രജിസ്ററർ ചെയ്തിട്ടുണ്ട്. ഇവർക്ക് സർക്കാർ പരിശീലനം നൽകും. പ്രശസ്ത കഥകളി ശില്പി കരിക്കകം ത്രിവിക്രമൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.
ഒരടി മുതൽ ഒരാൾപ്പൊക്കം വരെയുള്ള കഥകളി ശില്പങ്ങളാണ് കലാകേന്ദ്രത്തിൽ നിർമ്മിക്കുന്നത്. കുമിൾ തടിയിൽ നിർമ്മിക്കുന്ന കഥകളി ശില്പത്തിൽ കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങൾ അണിയിച്ച് വില്പനക്ക് സജ്ജമാക്കും. പച്ച,കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളും കലാകേന്ദ്രത്തിൽ നിർമ്മിക്കും.
കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 29 ന് പകൽ 11 ന് അയിരൂർ ചെറുകോൽപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ പ്രമോദ് നാരായൺ എം.എൽ.എ.നിർവ്വഹിക്കും. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിക്കും. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടർ പി.എസ്സ്.പ്രിയദർശൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ കഥകളി ക്ലബ്ബ് പ്രസിഡൻറ് പ്രസാദ് കൈലാത്ത്, പ്രോജറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യു.ഗോപകുമാർ, സംഘം പ്രസിഡൻറ് സ്മിത അജയകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തും.
കഥകളി ശില്പങ്ങൾ മൂന്നു മാസത്തിനകം വില്പനക്ക് സജ്ജമാകുമെന്ന് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ബോർഡ് അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സനുമായ ശ്രീജാ വിമൽ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

