പത്തനംതിട്ട – കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാൻസ് ‘ ( സോഷ്യൽ അവേർനസ് ആൻഡ് ആക്ഷൻസ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടർമാർക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .എൽ അനിതകുമാരി നിർവഹിച്ചു. ചടങ്ങിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.ഡി ബാലചന്ദർ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികളിൽ ന്യൂമോണിയ മൂലം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ തീവ്രമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യും. പരിശീലനപരിപാടിയിൽ കോന്നി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.എസ് ഗീത, ഡോ.ഡി. ബാലചന്ദർ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ നോഡൽ ഓഫീസർ ഡോ. അമൽ അഹമ്മദ്, ആർ.ബി.എസ്.കെ കോർഡിനേറ്റർ ജിഷ സാരു തോമസ് , ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.


