പഴകുളത്ത് യുവാവിന്റെ ആത്മഹത്യ : എക്‌സൈസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്തതിനാലെന്ന് ബന്ധുക്കളുടെ ആരോപണം തള്ളി എക്‌സൈസ്‌

Pathanamthitta Kerala

അടൂർ: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയതിൽ മനംനൊന്താണെന്ന് ബന്ധുക്കൾ. ആരോപണം നിഷേധിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ. വിശദമായ അന്വേഷണം നടത്താനും ഉത്തരവ്.

പഴകുളം ചാല വിഷ്ണു ഭവനിൽ ചന്ദ്രന്റേയും ഉഷയുടേയും മകൻ വിഷ്ണു(27) വാണ് വീട്ടിനുള്ളിൽ ഫാനിലെ ഹുക്കിൽ തൂങ്ങി മരിച്ചത്. അമ്മാവൻ സുരേഷാണ് എക്‌സൈസ് സംഘത്തിനെതിരേ പരാതി നൽകിയിരിക്കുന്നത്.

എക്‌സൈസ് സംഘം വീട്ടിൽ കയറി പരിശോധന നടത്തിയതായി സുരേഷ് നല്കിയ പരാതിയിലുണ്ടന്ന് പോലീസ് പറഞ്ഞു. വിഷ്ണു ഡ്രൈവറായി ജോലി ചെയ്യുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 17 നാണ് പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ വീട്ടിൽ എത്തിയത്. ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് പിന്നീട് വിഷ്ണു വീടിനു പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും അമ്മയുടെ സഹോദരിയും വ്യക്തമാക്കി. ഈ വിവരങ്ങൾ പോലീസിന് മൊഴിയായി നൽകിയിട്ടുണ്ട്. അതേസമയം യുവാവിനെ എക്‌സൈസ് സംഘം മർദ്ദിച്ചുവെന്നത് കളവാണെന്ന് അടൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ അശോക് പറഞ്ഞു. വിഷ്ണു കുളിക്കാൻ തയ്യാറെടുത്ത് നിൽക്കുമ്പോഴാണ്
വീടിനു സമീപം എക്‌സൈസ് സംഘം എത്തിയത്. വിഷ്ണു കേസിൽ പ്രതിയല്ലാത്തതിനാൽ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ വ്യക്തമാക്കി. വിഷ്ണുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. പ്രാഥമിക പരിശോധനയിൽ സംശയങ്ങൾ ഒന്നുമില്ലെന്ന് എസ്.എച്ച്.ഒ.ശ്യാം മുരളി പറഞ്ഞു.

യുവാവ് ജീവനൊടുക്കിയ സംഭവം:
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ അന്വേഷിക്കും

പത്തനംതിട്ട: പഴകുളത്ത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്ന ആരോപണം അന്വേഷിക്കാൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ രാജീവ് ബി. നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ വി. റോബർട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപണവും പരാതിയുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ എക്‌സൈസ് സംഘം ഇയാളെ മർദിക്കുകയോ വീട്ടിനുള്ളിൽ അതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് റോബർട്ട് പറഞ്ഞു. കഴിഞ്ഞ 17 ന് രാവിലെ 10 ഗ്രാം കഞ്ചാവുമായി അടൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിലുള്ള പട്രോളിങ് ടീം പഴകുളം ഭാഗത്ത് നിന്ന് സനു എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളോട് കാര്യങ്ങൾ ചോദിക്കുമ്പോൾ താൻ മാത്രമല്ല, മറ്റു പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. കൂടാതെ തൊട്ടുമുകളിലെ വീടിന്റെ മുറ്റത്ത് നിന്ന വിഷ്ണു എന്ന യുവാവിനും ഇതിൽ പങ്കുണ്ടെന്ന് രീതിയിൽ സനു ഉദ്യോഗസ്ഥനോട് പറഞ്ഞു. സംശയം തോന്നി വീടിന്റെ മുറ്റത്ത് നിന്നിരുന്ന വിഷ്ണുവുമായി ഉദ്യോഗസ്ഥർ സംസാരിച്ചപ്പോൾ ഇയാൾ പെട്ടെന്ന് കയർത്തു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ കൂടുതൽ പ്രകോപനം ഉണ്ടാക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ ഇയാളുടെ മാതാവിനെ ഫോണിൽ വിളിച്ച് മകനെ ഏതെങ്കിലും കൗൺസിലിങ് കേന്ദ്രത്തിൽ ആക്കി ചികിൽസിക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കഞ്ചാവുമായി പിടിയിലായ സനുവിന് അവിടെ വച്ചു തന്നെ ജാമ്യം നൽകുകയും ചെയ്തു. വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയോ മർദിക്കുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും കൂടുതൽ വിശദമായ അന്വേഷണത്തിനാണ് അസി. കമ്മിഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *