ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം ; മാരാമൺ മണൽപ്പുറത്ത് ക്രിസ്തീയ കൺവൻഷന്‌ തുടക്കവും.

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പമ്പാനദിയിലെ മണൽപ്പുറത്ത് നൂറ്റാണ്ടുകളായി നടന്നുവരുന്ന ആദ്ധ്യാത്മിക കൂട്ടായ്മകളിലെ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനവും, മാരാമൺ മണൽപ്പുറത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തീയ കൺവെൻഷനായ മാരാമൺ കൺവൻഷന്‌ തുടക്കവും.

130-മത് മാരാമൺ കൺവൻഷന് പമ്പാനദിയുടെ മണൽപരപ്പിൽ ഇന്ന് തുടക്കമാകും. 16നു സമാപിക്കും. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും. അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നൽകും.കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് ഈ വർഷത്തെ മറ്റു മുഖ്യ പ്രസംഗകർ.

ആദ്ധ്യാത്മിക ചൈതന്യത്താൽ നാടിനെ ഉണർത്തിയ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ 11 നു നടക്കുന്ന മതപാഠശാല ബാലഗോകുലം സമ്മേളനം സനാതന ധർമസഭാ പ്രചാരകൻ ഡോ. ശ്രീനിവാസൻ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. കൊല്ലം ജ്ഞാന വിജയാനന്ദാശ്രമം മഠാധിപതി ദേവിജ്ഞാന വിജയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും ബാലഗോകുലം ദക്ഷിണപ്രാന്തം അധ്യക്ഷൻ ഡോ. ഉണ്ണിക്കൃഷ്ണൻ, നടൻ പ്രണവ് ഏക എന്നിവർ പ്രഭാഷണവും നടത്തും. മതപാഠശാല അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വി.കെ.രാജഗോപാൽ അധ്യക്ഷത വഹിക്കും.

വൈകിട്ട് 4ന് നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അധ്യക്ഷത വഹിക്കും. ജർമനി യോഗവിദ്യ ആശ്രമം മഠാധിപതി സ്വാമി സുഖദേവ് ജി. ബ്രൈറ്റ്സ്, പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് ഏബ്രഹാം എന്നിവർ സന്ദേശം നൽകും.

ഹിന്ദുമത പരിഷത്തിന്റെ സമാപനദിവസമായ ഇന്ന് വൈകിട്ട് 6.30ന് പമ്പാ മഹാആരതിയും പുണ്യസ്നാനവും നടക്കും. മഹാകുംഭമേള ആഘോഷിക്കുന്ന പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തെ അനുസ്മരിച്ചാണു പമ്പാ നദിയിൽ കുംഭമേള നടത്താൻ ഹിന്ദുമത മഹാമണ്ഡലം വേദിയൊരുക്കുന്നത്. ദക്ഷിണ കേരളത്തിലെ ആദ്യ കുംഭമേളയായി 113–ാമത് ഹിന്ദുമത പരിഷത്ത് മാറുമെന്ന് സംഘാടകർ അറിയിച്ചു. പമ്പാ ഗണപതി ക്ഷേത്ര മുൻ മേൽശാന്തി ശ്രീകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നദീപൂജയും ആരതിയും.

മാരാമൺ കൺവൻഷൻ തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും, കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിലും നടക്കും. ദിവസവും പൊതുയോഗം 9.30ന്. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ആരംഭിച്ച് 7.30നു സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾ. 12നു 9.30ന് എക്യുമെനിക്കൽ സമ്മേളനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4നു യുവവേദി യോഗങ്ങൾ.16ന് 2.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.

 

Leave a Reply

Your email address will not be published. Required fields are marked *