കോളജ് അദ്ധ്യാപകന് നേരെ എസ്.എഫ്.ഐ വിദ്യാർഥികളുടെ ഭീഷണി : അദ്ധ്യാപകൻ കോൺഗ്രസുകാരൻ

Pathanamthitta Politics
Print Friendly, PDF & Email

കോഴഞ്ചേരി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ വിദ്യാര്‍ഥികള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സെന്റ് തോമസ്‌കോളേജ് എക്കണോമിക്‌സ് വിഭാഗം അദ്ധ്യാപകന്‍ ഷാജു വി. ജോണിനെയാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായിട്ടുള്ളത്.

അദ്ധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ആറന്മുള പോലീസിന് കൈമാറി. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് കോളജില്‍ നിന്നും കാറില്‍ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു സംഭവം. ഭീഷണി മുഴക്കിയതിന് പുറമെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. കോളേജിലെ വിദ്യാര്‍ഥി കൂടിയായ ഏരിയ സെക്രട്ടറിയും പതിനഞ്ചോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ് അദ്ധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചത്. കോളജിലെ എന്‍.സി.സിയുടെ ചുമതലക്കാരനായ ഷാജു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേഡറ്റുകള്‍ക്ക് മത്സരിക്കുന്നതിന് നിയന്ത്രണം ഉണ്ടെന്ന് അറിയിക്കുകയും വിശദാംശങ്ങള്‍ അധികാരികള്‍ക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തിരുന്നത്രെ. ഇത് സംബന്ധിച്ച തര്‍ക്കമാണ് ഭീഷണിയിലേക്ക് എത്തിയതെന്ന് പറയുന്നു.

അതേ സമയം അധ്യാപകന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയെന്നാണ് എസ്എഫ്‌ഐ ആരോപിച്ചു. കാമ്പസില്‍ കെഎസ് യു-എബിവിപി കൂട്ടുകെട്ടിനെ വിജയിപ്പിക്കാനാണ് ശ്രമമെന്നും ഏരിയാ പ്രസിഡന്റ് വിശാഖ് രഘു, സെക്രട്ടറി ജോയല്‍ ജയകുമാര്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *