പത്തനംതിട്ട: ഗ്യാസ് ഗോഡൗണിൽ കിടന്ന സിലിണ്ടർ നിറച്ച വാഹനത്തിനും സമീപത്തെ സ്‌കൂളിലെ ബസിനും തീവച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ അമ്മകണ്ടകര കലാഭവനം ശ്രീജിത്ത് (ഉണ്ണി-27) ആണ് പിടിയിലായത്. മുൻപും സമാന സംഭവങ്ങളിൽ പ്രതിയാണ് ഇയാൾ. 2022 ൽ അടൂരിൽ വിവിധ സ്ഥലങ്ങളിൽ ഇയാൾ ടിപ്പർ ലോറിക്കും ഓട്ടോറിക്ഷയ്ക്കും തീ വച്ചിരുന്നു. ഇതു വരെ ഇയാൾ 10 വണ്ടികൾ കത്തിച്ചതായി പോലീസ് കണ്ടെത്തി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി മാക്കാംകുന്നിലെ സരോജ് ഗ്യാസ് ഏജൻസിയിൽ ഗ്യാസ് സിലിണ്ടർ ലോഡ് ചെയ്തു കിടന്ന വണ്ടിയ്ക്കും കരിമ്പനാക്കുഴിയിലെ എവർഷൈൻ സ്‌കൂളിലെ ബസിനുമാണ് പ്രതി തീ കൊളുത്തിയത്. ഗ്യാസ് ഏജൻസി ജീവനക്കാർ തക്ക സമയത്ത് കണ്ടതു കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
ഒരേ സ്ഥലത്ത് ഒരേ രീതിയിൽ രണ്ടു തീപിടുത്തങ്ങൾ ഉണ്ടായതിൽ സംശയം തോന്നി ഫയർ ഫോഴ്‌സ് നടത്തിയ അന്വേഷണത്തിൽ രണ്ടിടത്തും ഒരാൾ തന്നെ വന്ന് തീവയ്ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. ഞായറാഴ്ച രാത്രി 11.10 നും ഇന്നലെ പുലർച്ചെ 12.30 നും മാക്കാംകുന്ന് ഭാഗത്തായിരുന്നു അതീവഗൗരവമേറിയ തീപിടുത്തം ഉണ്ടായത്. മാക്കാംകുന്നിൽ സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ് ഗ്യാസ് ഏജൻസി കോമ്പൗണ്ടിനുള്ളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ വിതരണം ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടർ നിറച്ച് തയാറാക്കി നിർത്തിയിരുന്ന അശോക് ലൈലാൻഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിനിലാണ് തീ കണ്ടത്. തീ ആളിപ്പടർന്നതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാർ അഗ്നിശമന യന്ത്രവും വെള്ളവും ഉപയോഗിച്ച് കെടുത്തി.
വലിയ തീ പിടുത്തം തന്നെയാണ് വാഹനത്തിലുണ്ടായത്. സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയിൽ നോക്കിയാൽ തീ പിടുത്തത്തിന്റെ തീവ്രത വ്യക്തമാകുമെന്ന് അഗ്നിശമന സേനയിലെ ജീവനക്കാർ പറഞ്ഞു. ഈ സമയം ഗ്യാസ് ഗോഡൗണിൽ അഞ്ഞൂറോളം നിറച്ച ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. വാഹനത്തിൽ പടർന്ന തീ പിന്നെ സിലിണ്ടറുകളിലേക്ക് വ്യാപിച്ചിരുന്നുവെങ്കിൽ ഉഗ്രസ്‌ഫോടനം തന്നെ ഉണ്ടാകുമായിരുന്നുവെന്ന് ഫയർ ഫോഴ്‌സ് അധികൃതർ പറഞ്ഞു. ഇതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കരിമ്പനാക്കുഴി എവർഷൈൻ റസിഡൻഷ്യൽ സ്‌കൂളിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചതായി ഫയർ ഫോഴ്‌സിന് വിവരം ലഭിച്ചു. ഉടൻ തന്നെ സ്ഥലത്ത് ചെന്ന അഗ്നിശമനസേന ജീവനക്കാർ തീയണച്ചു. ബാറ്ററി ബന്ധം വിഛേദിച്ചു. രണ്ടു തീപിടുത്തങ്ങളും സാഹചര്യതെളിവുകളും ഇതിന്റെ രീതിയും കണ്ട് സംശയം തോന്നിയ ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപചന്ദ്രന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ എട്ടിന് ഉദ്യോഗസ്ഥർ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ 12.07 ന് ഒരാൾ സ്‌കൂൾ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തി.


