തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും ഓൺലൈൻ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എൻട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം.
പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയിൽ തിരുപ്പതി മോഡൽ സജജീകരണങ്ങൾ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയിൽ വർഷം മുഴുവൻ ഭക്തർ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാൽ ശബരിമല അതിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ഘട്ടത്തിൽ മാത്രമാണ് ദർശനം ഉള്ളത്.
പിണറായി സർക്കാർ ഭക്തജനങ്ങളോട് മുമ്പ് അനുവർത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസ്സിലുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ ഭക്തജനങ്ങൾക്ക് സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

