സംസ്ഥാനത്തെ മാലിന്യ മുക്തമാക്കും – മന്ത്രി വീണാ ജോർജ്

Kerala Pathanamthitta

പത്തനംതിട്ട – ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിലൂടെ സംസ്ഥാന സർക്കാർ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷയായിരുന്നു മന്ത്രി.

സർവ്വതല സ്പർശിയായി എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചാണ് പരിപാടി നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി 2025 മാർച്ച് 30 ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഒക്‌ടോബർ രണ്ടിന് ജില്ലാതലത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ചെന്നീർക്കര സർക്കാർ ഐ.ടി.ഐയിൽ ജില്ലാതല ഉദ്ഘാടനം നടത്തും.

ശുചിത്വ-മാലിന്യസംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ചാകും പ്രവർത്തനം. തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ വാർഡുതലത്തിൽ നടപ്പിലാക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക് തലങ്ങളിലും ശുചിത്വപദ്ധതികൾ നടപ്പിലാക്കും. വാർഡ്തലത്തിലുള്ള പരിപാടികൾ കൂടുതൽ സജീവമാക്കണം. സർക്കാർ വകുപ്പുകളും വിവിധ ഏജൻസികളും സന്നദ്ധ സംഘടനകളും ക്ലബുകളും തുടങ്ങി സമസ്ത മേഖലയിൽ നിന്നുള്ളവർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ഹരിതകേരള-ശുചിത്വ മിഷനുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കില, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയുടെ പ്രവർത്തനരേഖ മുൻനിർത്തിയാണ് ക്യാമ്പയിൻ നടത്തുക.

എല്ലാ ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് അതത് വകുപ്പുകളുടെ മേധാവികൾ മുൻകൈയെടുക്കണം. മാലിന്യനിർമാർജനം ശാസ്ത്രീയമായി നിർവഹിക്കണം. മാലിന്യസംസ്‌കരണം ഓരോരുത്തരുടേയും കടമായാണെന്ന് തിരിച്ചറിയണം. മാലിന്യം വലിച്ചെറിയുന്ന ശീലത്തിൽ നിന്ന് സമൂഹം പിന്തിരിയണം. ഇതുതെറ്റാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാകണം. കുറ്റകൃത്യമെന്ന നിലയ്ക്ക് സർക്കാർ കർശന നടപടികളിലേക്കാണ് നീങ്ങുന്നത്. പ്രത്യേക വാട്ട്‌സ്ആപ് നമ്പർ നൽകി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന രീതിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കമിട്ടു.

ആരോഗ്യമുള്ള തലമുറകളെ നിലനിർത്തുന്നതിനായാണ് ആരോഗ്യവകുപ്പ് മുൻകൈയെടുക്കുന്നത്. ശുചിത്വപാലനം ഈ പശ്ചാത്തലത്തിലാണ് അതിപ്രധാനമാകുന്നത്. ഇതിനായുള്ള പ്രചാരണാർഥം വിവിധതലങ്ങളിൽ മത്സരങ്ങൾ നടത്തുന്നുമുണ്ട്. ഓരോ പൗരനും മാലിന്യരഹിത കേരളത്തിനായി കൈകോർക്കണം എന്നും മന്ത്രി ഓർമിപ്പിച്ചു.

ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിൻ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ശുചിത്വപാലനം സംബന്ധിച്ച് വിലയിരുത്തുന്നതിനും ക്രമീകരണങ്ങൾക്കുമായി പ്രതിമാസ യോഗങ്ങൾ ചേരുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു.

സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ പൊലിസ് സൂപ്രണ്ട് വി .ജി. വിനോദ് കുമാർ, എ.ഡി.എം ബി.ജ്യോതി, ഹരിതകേരള മിഷൻ കോർഡിനേറ്റർ ജി. അനിൽ കുമാർ, ശുചിത്വമിഷൻ കോർഡിനേറ്റർ നിഫി ഹക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *