പത്തനംതിട്ട – രുചിയുടെ പെരുമ കൊണ്ടും പങ്കെടുക്കുന്ന ഭക്തരുടെ എണ്ണം കൊണ്ടും ഒരു പക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ വിതരണമാണ് ആറൻമുള ക്ഷേത്രത്തിലെ വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിധ്യം നുണയാനും ദർശനത്തിനുമായി രണ്ടു ലക്ഷത്തോളം പേർ, ഓണക്കാലം ഉൾപ്പെടുന്ന കുറഞ്ഞ കാലയളവിൽ ആറൻമുള ക്ഷേത്രത്തിലെത്തുന്നു എന്നാണ് കരുതുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ആറൻമുള വള്ളസദ്യ.

തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന കരകളുടെ പള്ളിയോടങ്ങൾക്കായി ഭക്തരുടെ വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മദ്ധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണിത്. ഭക്തർ വഴിപാട് സമർപ്പിച്ചാൽ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുക. വള്ള സദ്യ വഴിപാട് നടത്തുന്ന ഭക്തൻ അന്നേ ദിവസം രാവിലെ ആറൻമുള ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകൾ തുടങ്ങും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ശ്രീ കോവിലിൽ നിന്നും പൂജിച്ച് നല്കുന്ന മാലയും വെറ്റിലയും പാക്കുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ ക്ഷേത്രത്തിലേക്ക് യാത്രയാക്കണം. വഞ്ചിപ്പാട്ടുകൾ പാടി ക്ഷേത്രത്തിലെത്തുന്ന ഈ പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട വാദ്യമേളത്തോടെ സ്വീകരിക്കും. തുടർന്ന് വള്ളക്കാർ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടിൽ പറയിട്ട സ്ഥലത്ത് എത്തും. തുടർന്ന് മുത്തുക്കുടയും തുഴയും ദേവന് നടയ്ക്കൽ വയ്ക്കും. ഇതിനു ശേഷമാണ് വള്ളക്കാർക്ക് ഊട്ടുപുരയിൽ വള്ള സദ്യ.

തുഴക്കാർ വള്ളപ്പാട്ടിലൂടെ ആയിരിക്കും സദ്യയുടെ വിഭവങ്ങൾ വിളമ്പാൻ ആവശ്യപ്പെടുക. ചോദിക്കുന്ന വിഭവങ്ങളെല്ലാം, ഇല്ലായെന്ന് പറയാതെ വിളമ്പണം എന്നാണ് ചടങ്ങ്. 63 ഇനം കറികൾ ഉൾപ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറൻമുള വള്ള സദ്യയിൽ വിളമ്പുക വള്ള സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്. തൊട്ടുകൂട്ടുന്ന കറികൾ, കൂട്ടുകറികൾ, ചാറുകറികൾ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വള്ളസദ്യയുടെ കറികൾ, സാമ്പാറൊഴിച്ചു കഴിഞ്ഞാൽ പായസം വിളമ്പുന്ന രീതി ആറൻമുള വള്ള സദ്യയിൽ മാത്രം ഉള്ള പതിവാണ്. പരിപ്പ്, പുളിശ്ശേരി, കാളൻ, അവിയൽ, ഓലൻ, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, ഒട്ടേറെ മെഴുക്കു പുരട്ടികൾ, തോരനുകൾ, അച്ചാറുകൾ തുടങ്ങിയവയെല്ലാം 70-ഓളം വിഭവങ്ങൾ അടങ്ങുന്ന ഈ വള്ള സദ്യയിൽ ഉണ്ടാകും.
ആറന്മുള വള്ളസദ്യയിലെ വിഭവങ്ങൾ
അറുപത്തിമൂന്ന് ഇനം കറികളും തുഴച്ചിലുകാർ പാടി ചോദിക്കുമ്പോൾ കൊടുക്കാനായി ചില വിശേഷ വിഭവങ്ങളും കരുത്താറുണ്ട്.. പരമ്പരാഗത പച്ചക്കറി പാചക കലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന വിഭവങ്ങളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും

കടുമാങ്ങ, ഉപ്പുമാങ്ങ, നാരങ്ങ, അമ്പഴങ്ങ, ഇഞ്ചി, നെല്ലിക്ക, പുളിയിഞ്ചി തുടങ്ങിയ അച്ചാറുകളും ..
കായ വറുത്തത്, ചക്കഉപ്പേരി, ശർക്കര വരട്ടി, ഉഴുന്നുവട, എള്ളുണ്ട, ഉണ്ണിയപ്പം എന്നീ എണ്ണപ്പലഹാരങ്ങളും..
അവിയൽ, ഓലൻ, പച്ചഎരിശേരി, വറുത്ത എരിശ്ശേരി, മാമ്പഴ പച്ചടി, കൂട്ടുകറി തുടങ്ങിയ തൊടുകറികളും..
കൂർക്കമെഴുക്കുപുരട്ടി, കോവയ്ക്കമെഴുക്കുപുരട്ടി, ചേനമെഴുക്കുപുരട്ടി, പയർമെഴുക്കുപുരട്ടി എന്നീ മെഴുക്കുപെരട്ടികളും ( തൃശൂരുകാർ ഉപ്പേരി എന്ന് പറയും ) നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശ്ശേരി, ചേനപ്പാടി പാളത്തൈര്, രസം, മോര് എന്നീ ഒഴിച്ചുകറികളും…
അമ്പലപ്പുഴ പാൽപ്പായസം, പാലട പായസം, കടലപായസം, ശർക്കരപായസം, അറുനാഴിപായസം തുടങ്ങിയ പായസങ്ങളും അടക്കം
ആസ്വദിക്കേണ്ട സദ്യ തന്നെ ആറന്മുള വള്ളസദ്യ.
സദ്യക്ക് ശേഷം നാളികലോചനൻ തന്റെ നാമമാഹാത്മ്യത്താൽ.. നതോന്നാത്ത താളത്തിലുള്ള വള്ളപ്പാട്ട് പാടി അഷ്ടമംഗല്യവും വിളക്കും നൽകി ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു. വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ വഴിപാട് സമർപ്പിച്ച വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുന്നു.
പിന്നീട് ആറന്മുളക്ക് തിരുവോണ സദ്യക്കായി വിഭവങ്ങളുമായി വന്നിരുന്ന കാട്ടൂർ ഭട്ടതിരിയുടെ തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാൻ കൂടുതൽ കരക്കാർ ചുണ്ടൻവള്ളങ്ങൾ ഉണ്ടാക്കി രംഗത്തു വരികയും ചെയ്തു. ആദ്യകാലത്തു പമ്പാനദിയുടെ ഇരുകരകളിലുമായി 48 ചുണ്ടൻവള്ളങ്ങൾ ഉണ്ടായിരുന്നു. ഓരോ ചുണ്ടൻ വള്ളത്തിലും ഭഗവാൻ കൃഷ്ണന്റെ അദൃശ്യസാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം. കാട്ടൂരിൽ നിന്നും ഉത്രാടരാത്രിയിൽ പുറപ്പെട്ട് തിരുവോണപ്പുലർച്ചെ ആറന്മുളയിൽ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതൽ പേർക്കു കാണാൻ സാധിക്കാതെ വന്നു, ഇതുകൊണ്ടാണ് പിന്നീട് തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങൾ ആറന്മുളയിൽ എത്താൻ തീരുമാനിച്ചത്. അതു പാർഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതിനാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതുന്നു.
ടീം പത്തനംതിട്ടക്ക് വേണ്ടി,
കോയിപ്രം പള്ളിയോടത്തിനൊപ്പം ആദ്യമായി വള്ളസദ്യ ആസ്വദിക്കാൻ കോട്ടയത്ത് നിന്ന് എത്തിയ രമേശ് കിടങ്ങൂരിന്റെ ചിത്രങ്ങൾക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട


