സർക്കാർ ഡോക്ടറെ പീഡനക്കേസിൽ കുടുക്കി പണം തട്ടാൻ ശ്രമം: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് എതിരേ കേസ്

Crime
Print Friendly, PDF & Email

പെരിയകുളം (തമിഴ്‌നാട്): തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആറ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തെക്ക് അഗ്രഹാരം തെരുവ്, പെരിയകുളം തെങ്കരൈ സ്വദേശി ഡോ.അനുമന്ദനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.

ഇതു സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കമ്പം വാലി ബ്രാഞ്ച് കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് പ്രാദേശിക പത്ര പ്രവര്‍ത്തകരായ ചിന്നത്തമ്പി, ആനന്ദന്‍, കാര്‍ത്തി, അളഗസാമി, രാജമുത്തു, അഴഗര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ഡോ.അനുമന്ദന്‍ പെരിയകുളം കച്ചേരി റോഡില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയാണ്.കഴിഞ്ഞ ദിവസം പത്രപ്രവര്‍ത്തകര്‍ ക്ലിനിക്കിലെത്തി. ഡോക്ടര്‍ അനുമന്ദന്‍ അവിടെ ജോലി ചെയ്തിരുന്ന ചില സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സ്ത്രീകള്‍ പരാതി നല്കുമെന്നും അറിയിച്ചു.വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനും പരാതി നല്കാതിരിക്കുന്നതിനുമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.

നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ ഡോക്ടര്‍ ഐഎംഎ കമ്പം വാലി ബ്രാഞ്ച് ഭാരവാഹികളെ അറിയിച്ചു.തുടര്‍ന്ന് പൊലീസ് മേധാവിക്ക് പരാതി നല്കുകയായിരുന്നു.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം തെങ്കരൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *