കൊല്ലം – സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി കാർ കയറ്റിയിറക്കിയ അപകടത്തിൽ കാറോടിച്ചിരുന്ന ഡ്രൈവർ അജ്മൽ പിടിയിലായി. അപകടത്തിന് ശേഷം കാറുമായി കടന്ന അജ്മലിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സൂചന. ഇടിച്ചയുടൻ കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അജ്മൽ കാർ നിർത്തിയില്ലെന്ന് നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടത്തിൽ കുഞ്ഞുമോളാ(45)ണ് മരിച്ചത്. കാറും കാറിലുണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം അജ്മലിൻറെ കാർ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷി സഞ്ജയ് പറഞ്ഞു. ഇടിച്ചയുടൻ സ്കൂട്ടറിലുണ്ടായിരുന്നവർ റോഡിൽ തെറിച്ചുവീണുവെന്നും ഫൗസിയ സൈഡിലേക്കും കുഞ്ഞുമോൾ റോഡിൻറെ നടുവിലേക്കുമാണ് വീണതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വാഹനം നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അജ്മൽ കേട്ടില്ലെന്നും കാർ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നുവെന്നും നാട്ടുകാരിയായ വിദ്യയും പറയുന്നു. ഇടിച്ചയുടൻ കാർ നിർത്തിയിരുന്നുവെങ്കിൽ കുഞ്ഞുമോളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തിരുവോണദിനത്തിൽ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന കുഞ്ഞുമോളുടെ ബന്ധു ഫൗസിയയ്ക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന കുഞ്ഞുമോൾ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാർ.
What do you feel about this post?
Like
Love
Happy
Haha
Sad

